പൊന്നാനി : യുഡിഎഫ് പ്രവർത്തകരുടെ കഠിനാധ്വാനംകൊണ്ട് എംപിയും കോൺഗ്രസ് പാർട്ടിയിൽ ഉന്നതസ്ഥാനവും ലഭിച്ചവർ സ്വന്തം പാർട്ടിയെയും ഇന്ദിരാഗാന്ധിയെയും ഇപ്പോൾ വിമർശിക്കുന്നതിലെ ഗൂഢലക്ഷ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ.നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സെയ്ത് മുഹമ്മദ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാക് ഭീകരതയെ പറ്റി വിശദീകരിക്കാൻ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ അമേരിക്കയിൽ പോയ സർവകക്ഷിസംഘത്തിലെ ബിജെപി എംപി പ്രോട്ടകോൾ ലംഘനം നടത്തി അമേരിക്കൻ പ്രസിഡന്റിനെ കാണുകയും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽനിന്ന് പോയ സർവകക്ഷിസംഘത്തിലെ എംപിയോട് രോഷം പ്രകടിപ്പിക്കുകയും ചെയ്ത സംഭവം ഭാരതത്തിനുതന്നെ അപമാനമാണുണ്ടാക്കിയതെന്ന് മുരളീധരൻ പറഞ്ഞു.
ആയതിനെപ്പറ്റി സർവകക്ഷിസംഘത്തിന് നേതൃത്വം നൽകിയ ശശി തരൂർ ഒന്നും പ്രതികരി ക്കാതെ വർഷങ്ങൾക്കു മുൻപ് നടന്ന അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ ചിലരുടെ രാഷ്ട്രീയനിലപാട് എങ്ങോട്ടാണ് പോകുന്നതെന്ന് ജനം തിരിച്ചറിയുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി പി.പി. സലീം, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന ചെയർമാൻ ടി.എച്ച്. സാക്കിർ ഹുസൈൻ, സി. ഹരിദാസ്, മുസ്തഫ വടമുക്ക്, ടി.പി. ഖാദർ, എ.എം. രോഹിത്, ഷാജി കാളിയത്തേൽ, കെ. ശിവരാമൻ, ടി.കെ. അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.