തിരൂർ : ചെറിയമുണ്ടത്തെ ഇരിങ്ങാവൂർ നരിയാരംകുന്നിൽ മഹാശിലായുഗത്തിലേതെന്നു കരുതുന്ന കാൽക്കുഴികൾ കണ്ടെത്തി. പുരാവസ്തു വകുപ്പ് കുഴികളെ കുറിച്ചുള്ള പരിശോധനകളും പഠനവും തുടങ്ങി. കുന്നിൻമുകളിൽ ചെങ്കൽപ്പാറകളിലാണു കുഴികൾ നിർമിച്ചിരിക്കുന്നത്. കുഴികൾക്കു ചുറ്റും വൃത്തങ്ങളും ചാപങ്ങളും കൊത്തിയിട്ടുമുണ്ട്. വളാഞ്ചേരി പറമ്പത്തുകാവിലും ഇത്തരം നിർമിതികൾ കണ്ടെത്തിയിരുന്നു.
നരിയാരംകുന്നിനും പറമ്പത്തുകാവിനും ഏതാണ്ട് ഒരേ രൂപമുള്ള ഘടനയാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുഴികളുടെ വിന്യാസ രീതിയും ചാപങ്ങളുടെയും വൃത്തങ്ങളുടെയും സാന്നിധ്യവുമെല്ലാം മഹാശിലായുഗത്തിലെ വാന നിരീക്ഷണത്തെയോ, ജ്യോതിശാസ്ത്ര ത്തെയോ സൂചിപ്പിക്കുന്നതാകാമെന്ന സംശയമുണ്ടെന്നും കൂടുതൽ പഠനങ്ങളിലൂടെ മാത്രമേ നിർമിതിയുടെ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാനാകൂ എന്നും പഴശ്ശിരാജ മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജ് പറഞ്ഞു.
വൈലത്തൂരിലെ മണ്ണാരയ്ക്കൽ സ്കൂളിനു സമീപം അടുത്ത കാലത്ത് നന്നങ്ങാടി കണ്ടെത്തി യിരുന്നു. ഇത് പ്രദേശത്തിന്റെ മഹാശില സംസ്കാര സാന്നിധ്യത്തെയാണു സൂചിപ്പിക്കുന്നതെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നരിയാരംകുന്നിൽ ഇത്തരം ധാരാളം കുഴികൾ ഉണ്ടായിരുന്നതായി നാട്ടുകാരും വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കുഴികളിലും വകുപ്പ് പഠനം നടത്തും. ഹെറിറ്റേജ് എക്സ്പ്ലോറർ ജാഫർ സാദിഖ് അറിയിച്ചതിനെ തുടർന്നാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. വകുപ്പിലെ എസ്കവേഷൻ അസിസ്റ്റന്റ് വി.എ.വിമൽകുമാർ, ടി.പി.നിബിൻ, എ.മുഹമ്മദ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.