താനൂർ : ‘ഒന്നാനാം കുന്നിന്മേൽ ഒരടി മണ്ണിന്മേൽ ഒരായിരം കിളി കൂടുെവച്ചു കൂട്ടിന്നിളം കിളി താമരപൈങ്കിളി താനിരുന്നാടുന്ന പൊന്നോല’ എന്ന പദ്യം അധ്യാപിക ചൊല്ലിയപ്പോൾ 45 വർഷങ്ങൾക്കിപ്പുറം അവർ ആ പഴയ രണ്ടാംക്ലാസുകാരായി.കേരളാധീശ്വരപുരം പുതുകുളങ്ങര എഎൽപി സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി പൂർവവിദ്യാർഥികളാണ് പഴയ ക്ലാസ് മുറി പുനരാവിഷ്കാരം നടത്തിയത്. നാൽപ്പത്തിയഞ്ചു വർഷം മുൻപ് പഠിച്ച രണ്ടാം ക്ലാസ് മുറിയിൽ അവരുടെ പ്രിയ അധ്യാപികയായിരുന്ന കെ. ദേവകി ടീച്ചറും ഒപ്പമുണ്ടായിരുന്നു. സ്ലേറ്റും പെൻസിലും മിഠായികളും നെല്ലിക്കയും പുളിയും കുപ്പിയിൽ പരൽ മീനുകളുമായാണ് വർഷങ്ങൾക്കുശേഷം ഇവർ ക്ലാസ് മുറിയിൽ എത്തിയത്. ഇവരിൽ പലരും കലാ-സാഹിത്യ – മാധ്യമ- രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയരായവരാണ്. പ്രദേശത്തെ സാംസ്കാരിക സംഘടനയായ സമന്വയം കെ. പുരത്തിന്റെ നേതൃത്വത്തിലാണ് ക്ലാസ് മുറി പുനരാവിഷ്കരിച്ചത്.സമന്വയം ഭാരവാഹികളായ അഫ്സൽ കെ. പുരം, സുന്ദർശൻ കോടത്ത്, സന്ദീപ് മോനോത്തിൽ, പി.വി. ബിജു, ടി.പി. പ്രകാശൻ എന്നിവർ നേതൃത്വംനൽകി.