തിരൂരങ്ങാടി : ജീവൻ പണയപ്പെടുത്തിവേണം റോഡിലിറങ്ങാൻ എന്നതാണ് തിരൂരങ്ങാടി യിലെ അവസ്ഥ. കക്കാട്ടുനിന്നും പരപ്പനങ്ങാടിയിലേക്കു പോകുന്ന പ്രധാന റോഡിൽ ചെമ്മാട് ടൗണിലും സമീപങ്ങളിലുമാണ് പലയിടങ്ങളിലായി അപകടം പതിയിരിക്കുന്ന കുഴികളുള്ളത്. മഴ പെയ്ത് വെള്ളം നിറയുന്നതോടെ കുഴികളൊന്നും കാണില്ല. ഇതോടെ ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീഴും. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുഴികളിൽവീണ് അപകടത്തിൽപ്പെട്ടത്.പലരും ഭാഗ്യംകൊണ്ടാണ് ഗുരുതരപരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
നഗരസഭയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയതിനെത്തുടർന്നുണ്ടായ കുഴികളും അടച്ചിട്ടില്ല. നേരത്തെ താത്കാലികമായി അടച്ചിരുന്ന കുഴികളെല്ലാം മഴ ശക്തമായ തോടെ വീണ്ടും വലിയ കുഴികളായിട്ടുണ്ട്. മമ്പുറം റോഡ്, ബ്ലോക്ക് റോഡ്, ചെമ്മാട് ടൗൺ, തൃക്കുളം പെട്രോൾ പമ്പിന് സമീപം, കരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡിൽ അപകടക്കുഴികളുണ്ട്. അധികൃതർ അവഗണിച്ചതോടെ പലയിടങ്ങളിലും നാട്ടുകാർ ഇടപെട്ട് മണ്ണും കല്ലുമിട്ട് പരിഹാരങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. വലിയ അപകടങ്ങളുണ്ടാകാതെ സുരക്ഷിത യാത്രയൊരുക്കുന്നതിന് അധികൃതർ നടപടികളെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.