തിരൂർ : കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണു മരിച്ച ആറുവയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി.വളാഞ്ചേരി പുറമണ്ണൂർ പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെയും മകളും പുറമണ്ണൂർ യുപി സ്‌കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയുമായ ഫൈസയ്ക്കാണ് നാട് യാത്രാമൊഴിയേകിയത്.പിതാവ് ഓടിച്ച ഓട്ടോയിൽ മാതാവിന്റെ മടിയിലിരുന്ന് സഞ്ചരിക്കവേയാണ് കഴിഞ്ഞദിവസം രാത്രി ഏഴോടെ അപകടമുണ്ടായത്.
തിരൂർ-ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്തിനും ബിപി അങ്ങാടിക്കുമിടയിൽ വിശ്വാസ് തിയേറ്ററിനു സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ട ത്തിനുശേഷം പുറമണ്ണൂർ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി.
കുഴി യഥാസമയം നികത്താത്ത പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്കെതിരേ കോടതിയിൽ കേസ് ഫയൽചെയ്യുമെന്നും അധികൃതരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്നും ഫൈസയുടെ ബന്ധുക്കൾ പറഞ്ഞു. ഫൈസയുടെ മരണത്തെത്തുടർന്ന് പ്രതിഷേധമുയർന്നതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡിലെ കുഴിയിൽ കോൺക്രീറ്റ് പൂശി ഓട്ടയടയ്ക്കൽ തുടങ്ങി.റോഡിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് തിരൂരിൽ ഇൗയിടെ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല.