കുറ്റിപ്പുറം : ദേശീയപാതാ 66-ലെ കുറ്റിപ്പുറത്ത് ഞായറാഴ്ചയും ഗതാഗതക്കുരുക്ക് രൂക്ഷമായി. താലൂക്ക് ആശുപത്രിപ്പടി മുതൽ ഹൈവേ ജങ്ഷൻ വരെയാണ് ഗതാഗതക്കുരുക്ക് പ്രധാനമായും ഉണ്ടാകുന്നത്. വൈകുന്നേരത്തോടെ ഇരുഭാഗത്തും വാഹനങ്ങളുടെ നിര വർധിച്ചു.ഹൈവേ ജങ്ഷന്റെ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലും ഗതാഗതക്കുരുക്കുണ്ടായി. ഹൈവേ ജങ്ഷനു സമീപം നിർമാണപ്രവൃത്തികൾ നിർത്തിവെച്ചിടത്തെ റോഡിലെ വലിയ കുഴികളും താലൂക്ക് ആശുപത്രിപ്പടിയിൽ റോഡ് നിർമാണം നിർത്തിവെച്ചിടത്തെ റോഡിലെ വലിയ കുഴി കളിലുംപെടുന്ന വാഹനങ്ങൾ വളരെ വേഗം കുറച്ചാണ് യാത്ര ചെയ്യുന്നത്. ഇതിനെ തുടർന്നാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്.ശനിയാഴ്ച രാവിലെ 11 മുതൽ ഇതേ സ്ഥലങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണുണ്ടായത്. പുലർച്ചെ വരെ ഗതാഗതക്കുരുക്ക് തുടർന്നു.
ഞായറാഴ്ചയും രാവിലെ 11-ഓടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഗതാഗതക്കുരു ക്കുണ്ടാകാൻ കാരണം രണ്ടു ഭാഗത്തെ റോഡിന്റെ തകർച്ചയാണ്. ഇവിടുത്തെ റോഡിലെ തകർച്ചകൾ പരിഹരിക്കാൻ അധികൃതർ രംഗത്തിറങ്ങുന്നില്ല.ദേശീയപാതാ നിർമാണക്കരാർ കമ്പനിയെക്കൊണ്ട് തകർന്ന റോഡിന്റെ ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടൽ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. മൂന്നുമാസത്തിലേറെയായി ദേശീയപാതയിലെ റോഡ് തകർന്ന രണ്ടു ഭാഗത്തെയും നിർമാണപ്രവൃത്തികൾ നിർത്തിവെച്ചിട്ട്.