തിരൂർ : പൊതുശ്മശാനം പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹവുമായി നിറമരുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.പ്രതീകാത്മക മൃതദേഹം പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രദർശിപ്പിച്ച് പ്രതിഷേധിച്ചു.21 സെന്റ് സ്ഥലം നാട്ടുകാർ ശ്മശാനത്തിനായി പഞ്ചായത്തിന് കൈമാറിയിട്ട് അഞ്ചുവർഷം കഴിഞ്ഞു.ചുറ്റുമതിൽ കെട്ടി ഒരു കെട്ടിടം നിർമ്മിച്ചതല്ലാതെ തുടർനടപടി കളുണ്ടായില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മങ്ങാട്ടുനിന്നും ശവമഞ്ചംവഹിച്ച് നടത്തിയ മാർച്ചിൽ നിരവധിയാളുകൾ പങ്കെടുത്തു.പഞ്ചായത്ത് ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ യഥാർഥ മൃതദേഹങ്ങൾ ഭരണാധികാരി കളുടെ വീട്ടുപടിക്കൽ സംസ്കരിക്കുമെന്നും ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പടിയും കടന്നിട്ടുണ്ടെന്നും സമരക്കാർ പറഞ്ഞു. മാർച്ച് സമരസമിതി കോഡിനേറ്റർ മുരളീധരൻ തിരൂർ ഉദ്ഘാടനംചെയ്തു. അരുൺ മങ്ങാട്, കൃഷ്ണകുമാർ, സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.ഉണ്ണികൃഷ്ണൻ, അംബുജാക്ഷൻ, ശശി തേലത്ത്, സുധീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വംനൽകി.