തിരൂർ : വളാഞ്ചേരി സ്വദേശിയായ ആറു വയസ്സുകാരിയുടെ മരണത്തിനു കാരണമായ റോഡിലെ കുഴി മരാമത്ത് വകുപ്പ് അടച്ചു. തിരൂർ – ചമ്രവട്ടം പാതയിലെ വിശ്വാസ് തിയറ്ററിനു സമീപത്തെ 2 കുഴികളാണ് അടച്ചത്. ഈ കുഴിയിൽ ഓട്ടോറിക്ഷയുടെ ചക്രം ചാടി നിയന്ത്രണം വിട്ടതോടെ, അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 6 വയസ്സുള്ള കുട്ടി റോഡിൽ വീണ് മരിച്ചിരുന്നു. ഇതേ തുടർന്ന് മരാമത്ത് വകുപ്പിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7 മണിക്കു ശേഷമാണ് അപകടമുണ്ടായത്.
തുടർന്ന് വെള്ളിയാഴ്ച ഈ കുഴി ക്വാറി വേസ്റ്റ് ഇട്ട് താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ ഇവിടെ വീണ്ടും കുഴി രൂപപ്പെട്ടു. ഇതോടെ ശനിയാഴ്ച വൈകിട്ട് കുഴി സ്ഥിരമായി അടച്ചു. മഴ വെള്ളം വീഴാതിരിക്കാൻ മറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം തിരൂർ – ചമ്രവട്ടം പാതയിലെ മറ്റു കുഴികളും ഇതേ രീതിയിൽ സ്ഥിരമായി അടയ്ക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 8ന് എംഎൽഎ വിളിച്ചു ചേർന്ന മരാമത്ത് വകുപ്പ് അവലോകന യോഗത്തിൽ തിരൂരിലെ കുഴികളെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ അടച്ചു തീർക്കുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഈ നടപടി വൈകി. റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ റോഡ് പരിപാലനം നടത്താൻ കരാറു കാരെ ഏൽപിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ റോഡിൽ ക്വാറി വേസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു.
എന്നാൽ വിശ്വാസ് തിയറ്ററിനടുത്തുള്ള കുഴികൾ അടച്ചിരുന്നില്ല. ചമ്രവട്ടം മുതൽ തിരൂർ വരെയുള്ള റോഡ് നവീകരണത്തിന് കഴിഞ്ഞ ബജറ്റിൽ 67 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല. പ്രഖ്യാപനം നടത്തുന്നതിനൊപ്പം നടപടികളും വേഗത്തിലായി രുന്നെങ്കിൽ ഈ റോഡിലെ നവീകരണം കഴിയുമായിരുന്നു. അങ്ങനെയെങ്കിൽ റോഡിലെ കുഴിയിൽ വീണ് ഒരു കുരുന്ന് ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുമായിരുന്നില്ലെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.