തിരുനാവായ : ആതവനാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ നിയമനം അട്ടിമറിച്ച ആതവനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഡിവൈഎഫ്ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. മാട്ടുമ്മൽ മുതൽ വെട്ടിച്ചിറ വരെയായിരുന്നു മാർച്ച്. ആതവനാട് ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപി ലേക്ക് ഡോക്ടർ നിയമനത്തിന് ജൂലായ് രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്നും ഒന്നാം റാങ്കിലുള്ളവരെ നിയമിക്കാതെ ഇഷ്ടക്കാരെ നിയമിക്കാനായി പഞ്ചായത്ത് റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് ആരോപിച്ചാണ് മാർച്ച്.
മാട്ടുമ്മലിൽ സി. വിജയകുമാർ മാർച്ച് ഉദ്ഘാടനംചെയ്തു. കുറുമ്പത്തൂർ മേഖലാ സെക്രട്ടറി എ. ബിഷർ അധ്യക്ഷനായി. ആതവനാട് മേഖലാ സെക്രട്ടറി ഇഖ്ബാൽ സംസാരിച്ചു. വെട്ടിച്ചിറയിൽ നടന്ന സമാപനയോഗം എ. മമ്മു ഉദ്ഘാടനംചെയ്തു. വാർഡംഗം എം ഷിജിൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി.പി. ജംഷീർ, കുറുമ്പത്തൂർ മേഖലാ പ്രസിഡന്റ് എൻ. ഫാരിസ്, അഖിൽ, പ്രശോബ്, കൃഷ്ണപ്രസാദ്, ആര്യ, അയ്യൂബ് എന്നിവർ പങ്കെടുത്തു.