തിരൂർ : ആറേഴു വർഷം മുൻപൊരു ചിങ്ങമാസത്തിലാണ് നിറമരുതൂർ പൂത്ത കാലം ഉണ്ടായത്. പിന്നെയാ പൂപ്പടർപ്പങ്ങു വ്യാപിച്ചു. വരമ്പിട്ട് തൈ നടാനറിയുന്നവരെല്ലാം കർക്കടകത്തിലെ മഴയില്ലാക്കാലത്ത് ചെണ്ടുമല്ലി നട്ടുപിടിപ്പിച്ചു. ഓണത്തിനു തമിഴ്നാട്ടിൽനിന്നുള്ള പൂവിനു കാത്തിരിക്കേണ്ടെന്നു കരുതി നിറമരുതൂരിൽ തുടങ്ങിയ ആ പൂ വിപ്ലവം ഇന്ന് മിക്ക പഞ്ചായത്തു കളിലുമുണ്ട്. കൃഷിവകുപ്പും ആവശ്യത്തിനു സഹായിക്കുന്നു.ചെണ്ടുമല്ലിക്കൃഷിയാണ് കാര്യമായി നടക്കുന്നത്. വിത്തിട്ട് മുളപ്പിച്ച് 10 സെ.മീ ഉയരമെത്തുമ്പോഴേക്ക് കെട്ടിയുണ്ടാക്കിയ വരമ്പിൽ നട്ടുപിടിപ്പിക്കും. നട്ട് 2 മാസം കഴിയുമ്പോഴേക്ക് വിളവെടുത്തു തുടങ്ങും.
കളനിയന്ത്രണവും വളപ്രയോഗവും ഈർപ്പത്തിന്റെ തോത് കണക്കാക്കുന്നതുമെല്ലാം കൃത്യമായി നടത്തിയാൽ ചിങ്ങത്തിൽ കർഷകന്റെ പോക്കറ്റിൽ പണം വീഴും. നിറമരുതൂർ പഞ്ചായത്തിലെ കൃത്യതയോടെയുള്ള പൂക്കൃഷി അതിനു തെളിവായതോടെയാണ് മറ്റിടങ്ങളി ലെല്ലാം പൂക്കൃഷി വ്യാപിച്ചത്. ഈ പൂക്കളെല്ലാം തമിഴ്നാട്ടിലേ വിരിയൂ എന്ന അതുവരെ ഉണ്ടായിരുന്ന ധാരണയും നിറമരുതൂരിലെ പൂക്കൃഷി വിപ്ലവം തിരുത്തി.ഇത്തവണയും നിറ മരുതൂരിൽ കൃഷിയിറക്കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളും കൃഷിക്കാരുമെല്ലാം തൈകൾ വരമ്പുകളിൽ പിടിപ്പിച്ചിട്ടുണ്ട്. തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളിലും കൃഷി സജീവമായി നടക്കുന്നുണ്ട്. കൂടാതെ കർഷകർ നേരിട്ടും കൃഷിയിറക്കുന്നുണ്ട്.