എടപ്പാൾ/പൊന്നാനി/തിരൂർ : നവകേരളസദസ്സിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ പൊന്നാനിയിലും എടപ്പാളിലും തിരൂരിലും കരിങ്കൊടി പ്രതിഷേധം. രാവിലെ പൊന്നാനി നിളയോരപാതയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉച്ചയ്ക്ക് എടപ്പാൾ മാണൂരിൽ യൂത്ത് ലീഗ് പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകീട്ട് തിരൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. കെ.ജി. പടി, ബി.പി. അങ്ങാടി എന്നിവിടങ്ങളിലാണഅ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
പൊന്നാനി ഹർബാറിലെ നവകേരളസദസ്സിലേക്ക് വരുന്നതിനിടെയാണ് ഐ.സി.എസ്.ആർ. അക്കാദമിയുടെ സമീപത്തെ നിളയോരപാതയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിഷേധം നടത്തിയവരെ പോലീസെത്തി അറസ്റ്റുചെയ്തുനീക്കി. വൈകീട്ട് അഞ്ചുമണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മാണൂരിൽ സദസ്സ് കഴിഞ്ഞു മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ മാണൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
എടപ്പാളിൽ പ്രതിഷേധിക്കാനായി കാത്തുനിന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. പരിപാടി കഴിഞ്ഞശേഷം ഇവരെ വിട്ടയച്ചു. തിരൂരിൽ പോലീസ് ആറു പേരെ അറസ്റ്റു ചെയ്തു.