എടപ്പാൾ : വട്ടംകുളം സിപിഎൻയുപി സ്കൂളിൽ തിരുവനന്തപുരം ഐഎസ്ആർഒയുടെ സഹകരണത്തോടെ നടത്തിയ ബഹിരാകാശ ശാസ്ത്രപ്രദർശനം വിദ്യാർഥികൾക്കും നാട്ടുകാർക്കും വിജ്ഞാനം പകർന്നു.പ്രൈമറി വിദ്യാർഥികൾ മുതൽ ഹയർസെക്കൻഡറി വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണാനെത്തി. റോക്കറ്റ്, ചാന്ദ്രയാൻ, മംഗൾയാൻ, ആദിത്യ, എഡ്യുസാറ്റ് തുടങ്ങിയവയുടെ മാതൃകകൾ, ഉപഗ്രഹ വിക്ഷേപണ വീഡിയോകൾ എന്നിവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.ഐഎസ്ആർഒ ടെക്നിക്കൽ ഓഫീസർ ആർ. അനീഷ്, എജുക്കേഷൻ അസിസ്റ്റൻറുമാരായ കെ.കെ. ആരോമൽ, പി. ശിവ, കെ. ബൈജു എന്നിവരാണ് പ്രദർശനം സംവിധാനം ചെയ്തത്. ഐഎസ്ആർഒയുടെ ഉപഹാരമായ റോക്കറ്റ് മാതൃക സ്കൂളിന് സമ്മാനിച്ചു. ഐഎസ്ആർഒ ഉദ്യോഗസ്ഥരെ സ്കൂളിന്റെ ഉപഹാരം നൽകി ആദരിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി സി.എൻ. സതീശൻ നമ്പീശൻ, എം.എ. നവാബ്, എം.ബി. ഫൈസൽ, അജിത സജി, സുരേഷ് പണിക്കർ, സുനിൽകുമാർ, എസ്. സുജ ബേബി, സി. സജി എന്നിവർ പ്രസംഗിച്ചു.