കുറ്റിപ്പുറം : ദേശീയപാത 66-ൽ രാത്രി സമയത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. നിർത്തിയിടുന്ന വാഹനങ്ങൾ പാർക്കിങ് ലൈറ്റുകൾ ഇടാത്തതാണ് അപകടങ്ങൾകൂടാൻ കാരണം. തിങ്കളാഴ്ചരാത്രി കുറ്റിപ്പുറത്തിനടുത്ത പാണ്ടിക ശാലയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ മറ്റൊരു ലോറി ഇടിച്ച് ലോറി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.ജൂലായ് 26-ന് ചമ്രവട്ടം ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഡീസൽ നിറച്ച ടാങ്കർ ലോറിയുടെ പിറകിൽ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് ഡീസൽ ടാങ്ക് തകർന്ന് 4500- ഓളം ലിറ്റർ ഡീസലാണ് റോഡിലൂടെ ഒഴുകിയത്.
മേയ് രണ്ടിന് നരിപ്പറമ്പ് പന്തേപ്പാലത്ത് റോഡരികിൽ നിർത്തിയിട്ട ചരക്കു ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രികയായിരുന്ന തലശ്ശേരി കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ മരിച്ചിരുന്നു.ഭർത്താവ് നിഖിലിനും അവരുടെ ഒരുവയസ്സുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തിരുന്നു. രാത്രിയിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ പാർക്കിങ് ലൈറ്റുകൾ ഇടാത്തതിനെതിരേ നടപടി സ്വീകരിക്കുന്നതിൽ ഹൈവേ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കാൻ ജില്ലയിൽ മൂന്ന് ഇടങ്ങൾ മാത്രം
കുറ്റിപ്പുറം : ജില്ലയിൽ ദേശീയപാത 66 കടന്നുപോകുന്ന മലപ്പുറം – കോഴിക്കോട് ജില്ലാ അതിർത്തിയിലെ ഇടിമുഴിക്കൽ മുതൽ തൃശ്ശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടു വരെ വാഹന യാത്രികർക്ക് വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കാൻ മൂന്ന് ഇടങ്ങൾ മാത്രമാണ് ഉള്ളത്.അയങ്കലം, മിനി പമ്പ, കഞ്ഞിപ്പുര എന്നിവിടങ്ങളിലാണിത്. ഇതിൽ കഞ്ഞിപ്പുര ടോൾ പ്ളാസയിലാണ് സൗകര്യങ്ങൾ കൂടുതലായുള്ളത്. ടോൾ പ്ളാസയ്ക്കു സമീപം ഹോട്ടൽ, കഫ്റ്റീരിയ, ശൗചാലയങ്ങൾ തുടങ്ങിയവയുണ്ട്.മറ്റ് രണ്ടിടത്തും ശൗചാലയങ്ങൾ മാത്രമാണുള്ളത്. സ്ഥല ലഭ്യതക്കുറവു മൂലമാണ് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ നിർമിക്കാൻ കഴിയാതിരിക്കുന്നത്.