തിരൂരങ്ങാടി : ദേശീയപാതയിൽ സ്ഥാപിച്ച നിയന്ത്രണ ബോർഡ് മാറ്റി. ദേശീയപാതയിൽ കൂരിയാട് പഴയ പാലത്തിന് സമീപം നിശ്ചിത വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ദേശീയപാത അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, ട്രാക്ടർ,എന്നീ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും പ്രവേശനം വിലക്കി കൊണ്ടുള്ള ബോർഡാണ് സ്ഥാപിച്ചിരുന്നത്. ഇവർ പുതിയ ആറുവരിപ്പാതയിലേക്ക് കയറുന്നതിനാണ് വിലക്കുണ്ടായിരുന്നത്.
എന്നാൽ സർവീസ് റോഡില്ലാത്ത ഇവിടെ ആറുവരിപ്പാതയിലേക്ക് കയറാതെ യാത്ര ചെയ്യാൻ പറ്റില്ല. ഇവിടെ പഴയ പാലം വീതി കൂട്ടാതെ അതേ പടി നിലനിർത്തിയിരിക്കുകയാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ, ദേശീയപാത അധികൃതർ പാലത്തിന് തൊട്ടു മുൻപ് സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറുന്ന ഭാഗത്ത് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെ ടുത്തുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. ഇക്കാര്യം മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ ബോർഡ് നീക്കം ചെയ്തത് പാലം വീതി കൂട്ടണമെന്ന ആവശ്യവും ശക്തമാണ്.