പൊന്നാനി : 137 വർഷം മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പൊന്നാനി കോടതിക്കെട്ടിടം ഓർമ്മയാകുമോ?1888-ൽ 67,500 രൂപ ചെലവഴിച്ചാണ് 30,000 ചതുരശ്രയടിലേറെ വിസ്തൃതിയുള്ള ബ്രിട്ടീഷ് ചാതുരിയിൽ ഈ കൂറ്റൻ ഇരുനിലക്കെട്ടിടം ഇംഗ്ലീഷുകാർ പണിതുയർത്തിയത്. 1792-ൽ മലബാർ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായതോടെയാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ ആദ്യത്തെ കോടതി സ്ഥാപിതമായത്. ജില്ലാ കോടതി എന്ന പേരിലാണ് ഈ കോടതി അറിയപ്പെട്ടിരുന്നതെങ്കിലും അത് പ്രാദേശിക കോടതി തന്നെയായിരുന്നു.പൊന്നാനിയിൽ പല കെട്ടിടങ്ങളിലായി കോടതി മാറി മാറി പ്രവർത്തിച്ചു. ബ്രിട്ടീഷ് ഭരണം വന്നപ്പോൾ പൊന്നാനി കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു. അതു കൊണ്ടുതന്നെ കൂറ്റനാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി എന്നാണ് അറിയപ്പെട്ടിരുന്നത്.1861-ൽ ബ്രിട്ടീഷുകാർ കൂറ്റനാട്, ചാവക്കാട്, വെട്ടത്തുനാട് താലൂക്കുകൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചതോടെ പൊന്നാനി കോടതിയായി മാറി.
തെക്ക് കൊടുങ്ങല്ലൂർ ആല വരെയും വടക്ക് ഫറോക്ക് പുഴ വരെയും കിഴക്ക് പട്ടാമ്പി പുഴവരെയും നീണ്ടുകിടക്കുന്ന വിസ്തൃ തപ്രദേശങ്ങൾ പൊന്നാനി കോടതിക്ക് കീഴിൽ വന്നു. ഇവിടങ്ങളിൽ നിന്നുള്ള വ്യവഹാരങ്ങളെല്ലാം അന്ന് ഈ കോടതിയിലായിരുന്നു. 1888-ൽ ഈ കോടതിക്കെട്ടിടം നിലവിൽവന്നു. പോലീസ് സ്റ്റേഷൻ, ഫിഷറീസ് ഓഫീസ്, താലൂക്ക് ഓഫീസ്, ട്രഷറി, രജിസ്ട്രാർ ഓഫീസ്, എഇഒ ഓഫീസ് എന്നിവയെല്ലാം വർഷങ്ങൾക്ക് മുൻപ് പ്രവർത്തി ച്ചിരുന്നത് ഈ കോടതിക്കെട്ടിട ത്തിലായിരുന്നു.കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ഇവിടെ പ്രവർത്തിച്ചിരുന്ന പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി 18 മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനമായിട്ടുണ്ട്.ശോച്യാവസ്ഥയിലായ പുരാതന ബ്രിട്ടീഷ് മാതൃകയിലുള്ള ഈ കെട്ടിടം തനിമ നിലനിർത്തി പുനർനിർമ്മിച്ച് മാറ്റിസ്ഥാപിക്കാനൊരുങ്ങുന്ന കോടതി ഇവിടെ ത്തന്നെ നിലനിർത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.