എടപ്പാൾ : പച്ചപ്പരവതാനിവിരിച്ചതുപോലെ നെൽച്ചെടികൾ നിറഞ്ഞ പാടം. ഇതിനോടു ചേർന്നാണ് ശുകപുരം കുളങ്കര ഭഗവതീക്ഷേത്രം. കുളങ്കരയിൽ തൊഴാൻവരുന്നവർ ആദ്യം തൊഴുന്നത് അമ്പലത്തിനുമുന്നിലെ വയലിനുനേർക്കാണ്. വയലിനക്കരെയാണ് ദേവിയുടെ മൂലസ്ഥാനം. വയൽമണ്ണിൽ ഭക്തിയോടൊപ്പം പ്രകൃതിസ്നേഹവും കതിരിടുന്ന ഇവിടെ ക്ഷേത്രം സ്വന്തമായി വാങ്ങിയ പതിനഞ്ചേക്കറിലാണ് വർഷങ്ങളായി നെല്ലുവിളയിക്കുന്നത്. ക്ഷേത്ര ത്തിനുകിഴക്കാണ് വയൽ. വയലിനക്കരെ ജലാശയത്തിന്റെ തീരത്ത് സ്വയംഭൂവായി ഒരു ദിവ്യചൈതന്യം പ്രത്യക്ഷപ്പെടുകയും അത് ഭദ്രകാളീ ചൈതന്യമാണെന്നുമനസ്സിലാക്കിയ സ്ഥലമുടമകളായ ബ്രാഹ്മണകുടുംബം ദേവിയെ അവിടെ കുടിവെച്ചൂവെന്നുമാണ് ഐതിഹ്യം.
അതേ ഭഗവതിയെ അന്നത്തെ നാടുവാഴി കുടുംബത്തിൽപ്പെട്ട മറ്റൊരു സ്ഥാനി നായർവീട്ടുകാർ സ്വന്തം മച്ചിൽവെച്ച് ആരാധിച്ചുവരികയും ചെയ്തു. പിന്നീട് കിഴക്കേക്കരയിലെ ബ്രാഹ്മണകുടുംബം വംശമറ്റുപോയി. കുറേകാലത്തിനുശേഷം നായർകുടുംബവും ക്ഷയിച്ചു. തുടർന്ന് ഇവരുമായി ബന്ധപ്പെട്ടവരും പരിസരവാസികളുംചേർന്ന് ചെറിയ ശ്രീകോവിൽ പണിയിച്ച് കുടിവെച്ചതാണ് ഇന്നുകാണുന്ന കുളങ്കര ഭഗവതീക്ഷേത്രം. തട്ടകത്തമ്മ എന്നാണ് ഇവിടുത്തെ ദേവി (ഭദ്രകാളി) അറിയപ്പെടുന്നത്. അയ്യപ്പനും ഗണപതിയുമാണ് ഉപദൈവങ്ങൾ.
വഴിയിങ്ങനെ:എടപ്പാൾ-പട്ടാമ്പി റോഡിൽ മുക്കാൽ കിലോമീറ്റർ സഞ്ചരിച്ച് ശുകപുരം ക്ഷേത്രം റോഡിലേക്കുതിരിയുക. ഫോൺ: 0494-2681999.
വഴിപാടുകൾ:പ്രധാനവഴിപാടായ ചുറ്റുവിളക്ക് മാസങ്ങളോളം ബുക്കിങ്ങാണ്. ഗുരുതി, ഉദയാസ്തമയപൂജ, നിറമാല, പൂമൂടൽ, മുട്ടറുക്കൽ, ഒറ്റ, നീരാജ്ജനം എന്നിവയും പ്രധാനം.
ഭരണസമിതി ഭാരവാഹികൾ: കെ.എൻ. ഉദയൻ (പ്രസി.), എം. ശങ്കനാരായണൻ, എം. രാമചന്ദ്രൻ (വൈസ് പ്രസി.), സി.വി. പ്രഭാകരൻ (സെക്ര.), എൻ. ചന്ദ്രബോസ്, ടി. പ്രജിത്ത് (ജോ.സെക്ര.), യു. വിശ്വനാഥൻ (ട്രഷ.)
തോൽപ്പാവക്കൂത്ത്:താലപ്പൊലിക്ക് 15 ദിവസം മുമ്പേ കൊടിയേറ്റവും കൂത്ത് കൂറയിടലും നടക്കും. ആ പതിനഞ്ചുദിവസവും വിവിധ വ്യക്തികളുടെയും കമ്മിറ്റികളുടെയും വകയായുള്ള കൂത്തുത്സവത്തിന് പുറമേ പുലരുവോളം നടക്കുന്ന തോൽപ്പാവക്കൂത്ത് പ്രത്യേകതയാണ്. പത്മശ്രീ ജേതാവായ ഷൊർണ്ണൂർ കൂനത്തറ രാമചന്ദ്രപ്പുലവരും സംഘവുമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുക. കുംഭത്തിലെ അവസാനത്തെ ഞായറാഴ്ച പാനയെന്ന അനുഷ്ഠാനകല അരങ്ങേറും. പാനകഴിഞ്ഞാലേ ഉത്സവം കൊടിയിറങ്ങൂ.
ഉത്സവം കഴിഞ്ഞുള്ള ചൊവ്വാഴ്ച മുതൽ പറയെടുപ്പാണ്. നവരാത്രിക്കാലത്ത് നടക്കുന്ന ഒൻപതുദിവസത്തെ തപസ്യ സംഗീതോത്സവം പ്രശസ്തമാണ്. മീനത്തിലെ അശ്വതി നാളിലാണ് പ്രതിഷ്ഠാദിനാഘോഷം. എല്ലാ മാസവും അശ്വതി നാളിൽ അന്നദാനവും നടത്തുന്നു.ഓഗസ്റ്റ് 15-ന് (ഇന്ന്)നടക്കുന്ന മഹാഗണപതിഹോമവും 17-നു നടക്കുന്ന നിറപുത്തിരിയുമാണ് തൊട്ടടുത്തുള്ള വിശേഷപരിപാടികൾ.കൈനിക്കര കാലടിമന നാരായണൻ നമ്പൂതിരിപ്പാടാണ് തന്ത്രി. മേൽശാന്തി: പി.കെ. ശ്രീധരൻ നമ്പൂതിരി. കീഴ്ശാന്തി: ദേവദാസൻ നമ്പൂതിരി. കോമരം: പ്രസാദ് അമേറ്റിക്കര
ആയിരത്തിരി:മകരത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ദേശത്തിന്റെ ആഘോഷമായ താലപ്പൊലി ഉത്സവം. അന്നുരാത്രി നടത്തുന്ന ആയിരത്തിരി സമർപ്പണം ഇവിടത്തെ പ്രധാനവഴിപാടാണ്. ആയിരം തിരികൾ കെട്ടി ഭക്തർ സ്വയം തയ്യാറാക്കുന്ന ആയിരത്തിരി ചെമ്പുകളിൽ ഉറപ്പിച്ച് തലയിൽ വെച്ചുകത്തിച്ച് താളവാദ്യങ്ങളോടെയും നാമജപങ്ങളോടെയും ക്ഷേത്രത്തെ വലംവെച്ച് ദേവിക്ക് സമർപ്പിക്കുന്നു. താലപ്പൊലിയോടനുബന്ധിച്ച് പുലർച്ചെ ഒരു മണിക്ക് താലവും ആയിരത്തിരിയും സമർപ്പിക്കുന്നവർക്ക് ഐശ്വര്യം സമ്പത്‌സമൃദ്ധി, സത്കീർത്തി എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം. പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതാത്മകമായ പ്രകൃതിയിലേക്ക് സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് ആയിരത്തിരി സമർപ്പണം.`