പുറത്തൂർ : ചമ്രവട്ടം-തിരൂർ റോഡിന്റെ ശോച്യാവസ്ഥയിൽ ഒറ്റയാൾ പോരാട്ടം. റോഡിലെ കുഴിയിൽ കസേരയിട്ടിരുന്നായിരുന്നു പൊതുപ്രവർത്തകനും ലോറി ഡ്രൈവറുമായ എസ്.പി. മണികണ്ഠന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പ്രതിഷേധം തുടർന്നു. ദിനംപ്രതി ആയിരത്തിലേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ചമ്രവട്ടം-തിരൂർ പാത. ചമ്രവട്ടം പാലത്തിൽനിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന പാതയിൽ നിറയെ വലിയ കുഴികളാണ്. എല്ലാവർഷവും മഴക്കാലമാകുമ്പോൾ ചമ്രവട്ടംപാത തകരുന്നത് പതിവാണ്.
വേനലിൽ നടത്തുന്ന അറ്റകുറ്റപ്പണികൾക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടാകാറുള്ളൂ. റോഡിന്റെ ശോച്യാവസ്ഥമൂലം അപകടങ്ങളും ഉണ്ടാകാറുണ്ട്. റോഡിലെ കുഴിയിൽവീണ് മരണപ്പെട്ടവരും പരിക്കേറ്റവരുമുണ്ട്. വാഹനങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് കണക്കില്ല.
കോഴിക്കോട്-കൊച്ചി തീരദേശ റൂട്ട് ആയതിനാൽ അനവധി ദീർഘദൂര വാഹനങ്ങളും ഇതുവഴി കടന്നുപോകാറുണ്ട്. റോഡിലെ കുഴികൾകാരണം വാഹനങ്ങളെല്ലാം സമയമെടുത്താണ് സഞ്ചരിക്കുന്നത്. ഇക്കാരണത്താൽ പ്രദേശത്ത് ട്രാഫിക് ബ്ലോക്കുകളും സ്ഥിര കാഴ്ചയാണ്. ഗുണനിലവാരമില്ലാത്ത ടാറിങ്ങും ഡ്രെയ്‌നേജ് സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് റോഡ് വേഗത്തിൽ തകരാറിലാകാൻ കാരണം. എസ്.പി. മണികണ്ഠൻ പ്രതിഷേധസമരത്തിന് പിന്തുണയുമായി നിരവധി പേരെത്തിയിരുന്നു.