പൊന്നാനി : സബ് ജയിലിനോടുചേർന്ന് നിർമിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാനുള്ള നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിനെതിരേ കളക്ടറെ സമീപിച്ച് മാരിടൈം ബോർഡ്. വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെ കെട്ടിടം പൊളിക്കരുതെന്നും ആവശ്യപ്പെട്ട് മാരിടൈം ബോർഡ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.മാരിടൈം ബോർഡിന്റെ ഓഫീസ് വിപുലീകരിക്കുന്നതിനാണ് നിലവിലെ കെട്ടിടത്തിനോടുചേർന്ന് 22 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണിതുടങ്ങിയത്. എന്നാൽ, സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയിൽവകുപ്പ് കത്ത് നൽകിയതോടെ ആറുമാസംമുൻപ് ഹാർബർ എൻജിനിയറിങ് വിഭാഗം നിർമാണം നിർത്തിവെച്ചു.
ജയിലിൽനിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിൽവകുപ്പ് നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.അതേസമയം, ജയിൽ നിർമിക്കുന്നതിനുമുൻപുതന്നെ തുറമുഖവകുപ്പിന്റെ ഓഫീസ് നിർമിച്ചിട്ടു ണ്ടെന്നും നിലവിലെ കെട്ടിടത്തിനേക്കാൾ ഉയരത്തിലല്ല പുതിയ കെട്ടിടം നിർമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നിർമാണത്തിന് അനുമതിതേടി മാരിടൈം ബോർഡ് കളക്ടറെ സമീപിച്ചിട്ടു ള്ളത്.നിർമാണം നിർത്തിയതോടെ ലിന്റൽ ഉയരത്തിലെത്തിയ കെട്ടിടം കാടുമൂടാൻ തുടങ്ങി. കെട്ടിടം പൊളിച്ചുനീക്കേണ്ടിവന്നാൽ സർക്കാരിന് വലിയ നഷ്ടമാണുണ്ടാവുക. കളക്ടർ വിഷയത്തിൽ അനുകൂല നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് മാരിടൈം ബോർഡ്.