പൊന്നാനി : ഇനി 231 ദിവസം മാത്രം കാത്തിരിക്കുക. 232–ാമത്തെ ദിവസം രാമനാട്ടുകരയിൽനിന്ന് ജില്ലാ അതിർത്തിയായ കാപ്പിരിക്കാട്ടേക്ക് 46 മിനിറ്റ് കൊണ്ടെത്താം. ആറുവരിപ്പാത പൂർണതയിലേക്കെത്തുകയാണ്. 2024 ജൂലൈ 19ന് ആറുവരിപ്പാത നാടിനു സമർപ്പിക്കും. രാമനാട്ടുകരയിൽനിന്നുള്ള കോഴിക്കോട് ജില്ലയുടെ ഭാഗം മാറ്റിനിർത്തിയാൽ 75.53 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ ആറുവരിപ്പാത നിർമിക്കുന്നത്. വെറും റോഡ് മാത്രമല്ല, സ്വപ്നതുല്യമായ അനുബന്ധ സൗകര്യങ്ങളാണ് പാതയിലുടനീളമൊരുക്കുന്നത്. വിശ്രമിക്കാനുള്ള ഇടങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയവയും പാതയ്ക്കൊപ്പം ഒരുക്കും.
സൗകര്യങ്ങൾ ഏറെ
യാത്രയ്ക്കിടെ വാഹനം ഒതുക്കി ഉറങ്ങാനുള്ള പ്രത്യേക ഇടങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്ക് അത്യാധുനിക ശുചിമുറി സൗകര്യങ്ങൾ, അത്യാഹിതങ്ങളുണ്ടായാൽ ഓടിയെത്താൻ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം, അപകടത്തിൽപെടുന്ന വാഹനം പൊക്കിയെടുത്തു സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റാൻ ക്രെയിൻ സംവിധാനങ്ങൾ, അത്യാധുനികമായ ട്രാഫിക് സിഗ്നലുകൾ, റോഡിനു മുകളിലും അരികിലുമായി ദിശാ ബോർഡുകൾ, തണൽ മരങ്ങൾ, മനോഹരമായ പൂന്തോട്ടം, ലാൻഡ്സ്കേപിങ് ചെയ്ത ഭാഗങ്ങൾ… അങ്ങനെ വിശാലമായ സൗകര്യങ്ങളാണ് പാതയിൽ ഒരുക്കുന്നത്.
25,783 തണൽമരങ്ങൾ
ആറുവരിപ്പാതയിൽ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ 25,783 തണൽമരങ്ങൾ നട്ടുപിടിപ്പിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി കരാർ വ്യവസ്ഥയിൽ നിർദേശിച്ചിരിക്കുന്നത്. പാതയ്ക്കായി ദേശീയപാത അതോറിറ്റി 60 മീറ്റർ വീതിയാണ് വിഭാവനം ചെയ്തതെങ്കിലും 45 മീറ്റർ വീതിയിൽ നിർമിക്കാനുള്ള ഭൂമി മാത്രമേ ലഭ്യമായിട്ടുള്ളൂ.
ഇൗ സാഹചര്യത്തിൽ ഇത്രയും മരങ്ങൾ എവിടെ നട്ടുപിടിപ്പിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ലഭ്യമാകുന്ന ഭാഗങ്ങളിലെല്ലാം പരമാവധി തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് കരാറുകാർ പണി തുടങ്ങിയിട്ടുണ്ട്. ലഭ്യമാകുന്ന സ്ഥലങ്ങളിൽ പൂന്തോട്ടവും ലാൻഡ്സ്കേപ് ഏരിയയും ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2 റീച്ചുകളിലായി കെഎൻആർസിഎൽ കമ്പനിയുടെ നേതൃത്വത്തിൽ അതിവേഗത്തിലാണ് നിർമാണം മുന്നോട്ടു നീങ്ങുന്നത്.
കേരളത്തിന്റെ മുഖം മാറുകയാണ്
കാസർകോട് മുതൽ തിരുവനന്തപുരം വരെ 582.901 കിലോമീറ്റർ നീളത്തിൽ പാതയൊരുങ്ങുകയാണ്. 2026 ജനുവരി 31ന് അകം പദ്ധതി പൂർണതയിലെത്തും. 2024 അവസാനിക്കുമ്പോഴേക്കും 300.8 കിലോമീറ്റർ ഭാഗത്ത് പാത പൂർത്തിയാകും. കാസർകോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് പൂർത്തിയാവുക.
2025 ഒക്ടോബർ എട്ടിനകം 192.9 കിലോമീറ്റർ കൂടി പൂർത്തിയാകും. 2026 ജനുവരി 31ന് ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ കൊട്ടുകുളങ്ങര വരെയുള്ള 89.13 കിലോമീറ്റർ ദൂരം കൂടി പൂർത്തിയാകും. ഇതോടെ സംസ്ഥാനത്ത് ആറുവരിപ്പാത പൂർണതയിലെത്തും. ഇടപ്പള്ളി മുതൽ അരൂർ വരെ ബന്ധിപ്പിക്കുന്ന പദ്ധതി തയാറായി വരികയാണ്. ഇതുകൂടി പൂർത്തിയായാൽ ഇടമുറിയാതെ ആറുവരിപ്പാത സംസ്ഥാനത്തിന്റെ രണ്ടറ്റവും തൊട്ടുകിടക്കും.
ടോൾ നൽകിയാൽ പിന്നെ എല്ലാം സൗജന്യം
ആറുവരിപ്പാതയിലെ അനുബന്ധ സൗകര്യങ്ങൾക്കായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. ടോൾ നൽകിയാൽ ബാക്കിയുള്ള സൗകര്യങ്ങളെല്ലാം യാത്രക്കാർക്ക് അവകാശപ്പെട്ടതാണ്. ശുചിമുറി ഉപയോഗിക്കാം, ആംബുലൻസ് സൗകര്യവും ട്രക്കും പ്രയോജനപ്പെടുത്താം.
അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷാ സംഘം അരികിലേക്ക് ഓടിയെത്തും. 24 മണിക്കൂറും പാതയിൽ സേവനങ്ങൾ ലഭ്യമാകും. ടോൾ തുക 2 മാസത്തിനകം അന്തിമമാക്കും. വാഹനങ്ങളുടെ സുരക്ഷിതമായ യാത്രയും യാത്രക്കാരുടെ സുരക്ഷയും പാതയിലെ അനുബന്ധ സൗകര്യങ്ങളുടെ പ്രവർത്തനവും കരാറുകാരുടെ ഉത്തരവാദിത്തത്തിലായിരിക്കും. പാർക്കിങ് അനുവദിക്കാത്ത ഭാഗങ്ങളിൽ വാഹനം നിർത്തിയിട്ടാലും പാതയിലെ നിയന്ത്രണങ്ങൾ മറികടന്നാലും മിനിറ്റുകൾക്കകം സുരക്ഷാ സംഘം നേരിട്ടെത്തി നിർദേശങ്ങൾ നൽകും.