തിരൂർ : കവി കുഞ്ഞുണ്ണി മാഷ് കുട്ടികളെ ഭാഷയിലേക്ക് അടുപ്പിച്ചുവെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭ കലോത്സവത്തോടനുബന്ധിച്ച് അക്ഷരശുദ്ധി മത്സരത്തിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ത്തിലെ നാട്ടുസൗന്ദര്യങ്ങളും പഴഞ്ചൊല്ലുകളും നാട്ടറിവുകളും തലമുറകളെ പഠിപ്പി ക്കാനും ഒരു ജന്മം സമർപ്പിച്ച മഹാകവിയായിരുന്നു കുഞ്ഞുണ്ണി മാഷെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കുട്ടികളില്ലാത്ത കുഞ്ഞുണ്ണി മാഷിന് കുട്ടികളെല്ലാം അദ്ദേഹത്തിന്റെ സ്വന്തം കുട്ടികളായിരുന്നു. ഭാഷയുടെ ഉച്ചാരണ സൗന്ദര്യം, ആശയ സംവേദനശേഷി എന്നിവ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അക്ഷരശുദ്ധി മത്സരത്തിന് പ്രാധാന്യം വർധിക്കുന്നുണ്ടെന്നും ആലങ്കോട് പറഞ്ഞു. കുഞ്ഞുണ്ണി മാഷാണ് തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ പത്താംക്ലാസ് വിദ്യാർഥികൾക്കായി അക്ഷരശുദ്ധി മത്സരം ഏർപ്പെടുത്തിയത്. മണമ്പൂർ രാജൻ ബാബു, പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
തുഞ്ചൻപറമ്പിൽ നടന്ന അക്ഷരശുദ്ധി മത്സരത്തിൽ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയും തുഞ്ചൻ ബാലസമാജം അംഗവുമായ പി. ചഞ്ചല ഒന്നാം സ്ഥാനം നേടി.വെട്ടം ബാവുത്തങ്ങാടി സ്വദേശിയും തിരൂർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ക്ലാർക്കുമായ സച്ചിദാനന്ദന്റെയും വെട്ടം ശാന്തി സ്പെഷ്യൽ സ്കൂളിലെ ക്ലാർക്ക് ജിൻസിയുടെയും മകളാണ് ചഞ്ചല. മലയാളം അക്ഷരമാലാ ക്രമത്തിൽ ഉച്ചാരണശുദ്ധിയോടെ ചൊല്ലാനും നല്ല കൈപ്പടയിൽ എഴുതാനും മലയാളം ഗദ്യം അർത്ഥഭാവാദികളോടെ വായിക്കാനുമുള്ള മികവാണ് പരിശോധി ക്കുന്നത്. വിജയിക്ക് 5000 രൂപ സമ്മാനം നൽകും.ഒരു വിദ്യാലയത്തിൽനിന്ന് രണ്ട് വിദ്യാർഥികൾ വീതം 27 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ പങ്കെടുത്തത് മുഴുവനും പെൺകുട്ടികളായിരുന്നു. കവികളായ ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻ ബാബു എന്നിവരായിരുന്നു വിധികർത്താക്കൾ.വിജയിക്ക് ഒക്ടോബർ രണ്ടിന് വിദ്യാരംഭ ചടങ്ങിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും.

