പൊന്നാനി : തീരദേശത്ത് വീണ്ടും രാമച്ചക്കൃഷിയുടെ പെരുമ. പൊന്നാനിയിൽ വിളവെടുപ്പിന്റെ നല്ലകാലം. ഒൗഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയിലും ഡിമാൻഡ്. കിലോഗ്രാമിന് 105 രൂപ വരെ വില കിട്ടുന്നുണ്ട്. സീസൺ തുടങ്ങിയപ്പോൾ അൽപം വിലയിടിവുണ്ടായെങ്കിലും ഇപ്പോൾ പ്രതീക്ഷയ്ക്കൊത്ത വില കിട്ടുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. ഒക്ടോബറിലാണ് വിളവെടുപ്പ് തുടങ്ങിയിരുന്നത്. അടുത്ത ഫെബ്രുവരി വരെ വിളവെടുപ്പ് നീളും. നിലവിൽ കിട്ടുന്ന വിലനിലവാരം അതേപടി തുടർന്നാൽ ഇത്തവണ നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാനാകും.

പൊന്നാനി മുതൽ ചാവക്കാട് വരെ പഞ്ചവടി, എടക്കഴിയൂർ, നാലാംങ്കല്ല്, അകലാട്, മൂന്നൈയിനി, ബദർ പള്ളി, മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി, കാപ്പിരിക്കാട്, വെളിയങ്കോട്, പാലപ്പെട്ടി തുടങ്ങിയ തീരമേഖലയിൽ കാര്യമായ രാമച്ചക്കൃഷി നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് വൻതോതിൽ രാമച്ചക്കൃഷി നടന്നിരുന്നെങ്കിലും പഴയ കൃഷിയുടെ വ്യാപ്തി ഇപ്പോഴില്ല.

നഷ്ടം കാരണം പലരും മേഖലയിൽനിന്ന് പിന്മാറി. തീരദേശത്ത് കൃഷി ചെയ്യുന്ന രാമച്ചത്തിന് ഇപ്പോഴും വിദേശത്ത് നല്ല ഡിമാൻഡുണ്ട്. വൻ തോതിൽ മുൻപ് കയറ്റി അയയ്ക്കപ്പെട്ടിരുന്നതാണ്. ആയുർവേദ ഉൽപന്നങ്ങൾക്കും വിശറി, കിടക്ക, തലയിണ തുടങ്ങിയവ നിർമിക്കുന്നതിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്. കൃഷിയിടത്തിൽനിന്നു തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കിയാണ് രാമച്ചം വിൽപനയ്ക്കായി കൊണ്ടുപോകുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *