പൊന്നാനി ∙ 4507.5 കോടി രൂപ; ആറുവരിപ്പാത നിർമിക്കാനായി ജില്ലയിൽ ചെലവഴിക്കുന്ന തുകയാണിത്. സ്ഥലമേറ്റെടുപ്പിനുള്ള തുക ഇതിൽ ഉൾപ്പെടില്ല. പാലങ്ങളും കലുങ്കുകളും അടിപ്പാതയും ഉൾപ്പെടുന്ന റോഡ് നിർമാണത്തിനും നടത്തിപ്പിനുമായാണ് ഈ തുക. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 39.68 കിലോമീറ്റർ നീളത്തിലും വളാഞ്ചേരി മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ 37.35 കിലോമീറ്റർ നീളത്തിലുമായി 2 റീച്ചുകളിലായാണ് പണി നടക്കുന്നത്.
രണ്ടു റീച്ചുകളുടെയും പണി ഒരേ കമ്പനി തന്നെ. കോഴിക്കോട് ജില്ലയുടെ ചെറിയൊരു ഭാഗം ഉൾക്കൊള്ളുന്നതൊഴിച്ചാൽ ബാക്കി മുഴുവൻ ഭാഗവും മലപ്പുറം ജില്ലയുടെ രണ്ടറ്റവും തൊട്ടു കിടക്കുകയാണ്. നിർമാണവും നടത്തിപ്പും കെഎൻആർസിഎൽ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. 8 മാസത്തിനകം നിർമാണം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റിയും കരാറുകാരും ഉറപ്പിച്ചു പറയുന്നത്.
ഏറ്റെടുത്തത് 501.62 ഏക്കർ ഭൂമി
ജില്ലയിൽ ആറുവരിപ്പാത നിർമാണത്തിനായി ആകെ ഏറ്റെടുത്തത് 501.62 ഏക്കർ ഭൂമിയാണ്. ഇതിനായി 3680 കോടി രൂപയാണ് ചെലവഴിച്ചത്. ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുകയായിരുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് രണ്ടര വർഷം നീണ്ട പരിശ്രമമാണ് നടന്നത്. ഭൂമിയുടെ രേഖകൾ സംബന്ധിച്ച് സാങ്കേതിക കുരുക്കുകളും ചില തടസ്സങ്ങളുമുള്ള ചുരുക്കം ചിലർക്ക് പണം കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള മുഴുവൻ പേർക്കും തുക ലഭ്യമായി കഴിഞ്ഞു.
പൊളിച്ചത് 3000 കെട്ടിടങ്ങൾ
ആറുവരിപ്പാതയുടെ നിർമാണത്തിനായി ജില്ലയിൽ പൊളിച്ചുനീക്കിയത് വീടുകൾ ഉൾപ്പെടെ 3000 കെട്ടിടങ്ങളാണ്. പല കെട്ടിടങ്ങളും ഭൂവുടമകൾ തന്നെയാണ് പൊളിച്ചതെങ്കിൽ ചില കെട്ടിടങ്ങൾ കരാറുകാർ പൊളിച്ചു നീക്കി. അമ്പലങ്ങളും പള്ളികളും സ്കൂൾ കെട്ടിടങ്ങളും ഉൾപ്പെടെ പാത കടന്നുപോകുന്ന ഭാഗങ്ങളിലെ നിർമാണം തർക്കങ്ങളില്ലാതെ തന്നെ പൊളിച്ചു നീക്കാൻ കഴിഞ്ഞത് ജില്ലയുടെ വികസന രംഗത്തെ അഭിമാന നേട്ടമാണ്.