പൊന്നാനി : മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് തൂക്കുപാലവും ബിയ്യം കായൽ ടൂറിസം പദ്ധതി പ്രദേശവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പൊന്നാനി നഗരസഭയ്ക്ക് കൈമാറി.
അപകടാവസ്ഥയിലായ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സാങ്കേതിക കാരണങ്ങളാൽ നഗരസഭയ്ക്ക് കഴിയാതിരുന്ന സാഹചര്യത്തിൽ തൂക്കുപാലവും പദ്ധതിപ്രദേശവും കൈമാറിയാൽ തുടർ നടപടികൾ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് ജില്ലാ ടൂറിസം കൗൺസിലിനെ നഗരസഭ അറിയിച്ചിരുന്നു.
പി. നന്ദകുമാർ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിന്റെ അടിസ്ഥാനത്തിൽ തൂക്കുപാലവും പദ്ധതി പ്രദേശവും കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
അപകടഭീഷണി നേരിടുന്ന തൂക്കുപാലം ഇനി അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാർക്കായി തുറന്നുകൊടുക്കാനാവും. പദ്ധതി പ്രദേശത്ത് പ്രാദേശിക ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാവുമെന്നും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
ആസ്തി കൈമാറ്റച്ചടങ്ങിൽ വെച്ച് ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻ ചന്ദ്രരേഖകൾ നഗരസഭാധ്യക്ഷന് കൈമാറി. നഗരസഭാ സെക്രട്ടറി സജീറൂൺ, സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല എന്നിവർ പങ്കെടുത്തു.