പൊന്നാനി : ശിശുദിനത്തിൽ നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് കടവനാട് ജിഎഫ്‌യുപി സ്‌കൂളിലെ വിദ്യാർഥികൾ. നെഹ്റു ട്രോഫി വള്ളംകളിയിലെ വിജയികൾക്കു നൽകുന്ന ട്രോഫിയിൽ മുത്തമിട്ടാണ് വിദ്യാർഥികൾ ഇത്തവണ ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ശിശുദിനമാഘോഷിച്ചത്.2025 ഓഗസ്റ്റ് 30-ന് ആലപ്പുഴയിലെ പുന്നമടക്കായലിൽ നടന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായത് കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു. ഈ വള്ളത്തിലെ തുഴച്ചിൽകാരനും വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയുമായ എം.എസ്. ഷിജിത്താണ് കുട്ടികൾക്ക് കാണിക്കാനായി ട്രോഫിയുമായി സ്‌കൂളിലെത്തിയത്.
കടവനാട് സ്വദേശിയായ ഷിജിത്ത് ഏഴു വർഷമായി വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാര നാണ്. ജവാഹർലാൽ നെഹ്റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ സ്വന്തം െെകയൊപ്പോടുകൂടി വെള്ളിയിൽ തീർത്ത, നെഹ്റു അയച്ചു നൽകിയ ട്രോഫിയാണ് വിജയികൾക്കു നൽകുന്ന നെഹ്റു ട്രോഫി.മധുരനാരങ്ങ സിംഫണി ഫെസ്റ്റ് എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ശിശുദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയത്. പ്രഥമാധ്യാപകൻ മുസ്തഫ, സ്വപ്ന, അബിൻ, പ്രിൻസി എന്നിവർ നേതൃത്വംനൽകി.

