എരമംഗലം : പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ലോക്ക് എരമംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ സിപിഐ കുടുംബത്തിൽനിന്ന് യുഡിഎഫ് സ്ഥാനാർഥി. നാമനിർദേശപത്രികാ സമർപ്പണ ത്തിന്റെ അവസാനദിവസമാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. എരമംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയായി അങ്കണവാടി അധ്യാപികയായ സുമിത സിപിഐ വെളിയങ്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.കെ. ഫസലുറഹ്‌മാന്റെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കളോടൊപ്പം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിക്ക് മുൻപിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോഴാണ് അപതീക്ഷിത നീക്കം പുറത്തറിയുന്നത്.
പ്രവാസിയും യുവകലാസാഹിതി പ്രവർത്തകനും സിപിഐ കുടുംബാംഗവുമായ തവയിൽ ഷാനവാസിന്റെ ഭാര്യ ഷെമീറ ഷാനവാസാണ് എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വിമതയായി നാമനിർദേശപത്രിക സമർപ്പിക്കാൻ സിപിഐ പൊന്നാനി മണ്ഡലം എക്സിക്യുട്ടീവ് അംഗം തവയിൽ ഷാഫിയുമായി എത്തിയത്.ഈ സമയം എരമംഗലം ഡിവിഷനിലേക്ക് യുഡിഎഫ് നേരത്തേ നിശ്ചയിച്ച റമീന ഇസ്മായിലും കെപിസിസി ജനറൽ സെക്രട്ടറി പി.ടി. അജയ്‌മോഹൻ ഉൾപ്പെടെ യുഡിഎഫ് നേതാക്കളും എത്തിയിരുന്നു. ഇവിടെവെച്ചു കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയായി ഷെമീറ ഷാനവാസ് കോൺഗ്രസ് നേതാക്കളായ ഷാജി കാളിയത്തേൽ, കല്ലാട്ടേൽ ഷംസു, സി.കെ. പ്രഭാകരൻ, അലി എന്നിവരുടെ സാന്നിധ്യത്തിൽ പത്രിക സമർപ്പിക്കുകയായിരുന്നു.
അതോടൊപ്പം നേരത്തേ സ്ഥാനാർഥിയായി നിശ്ചയിച്ച റമീന ഇസ്മായിലും പത്രിക സമർപ്പി ച്ചിട്ടുണ്ട്.യുഡിഎഫ് യോഗത്തിനുശേഷം ഷെമീറ ഷാനവാസിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ റമീന ഇസ്മായിലിന്റെ പത്രിക പിൻവലിക്കുമെന്ന് പി.ടി. അജയ്‌മോഹൻ പറഞ്ഞു.വെളിയങ്കോട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി നേരത്തേ സിപിഐ അംഗമായ ബഷീറിനെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ ഹമീദിനെതിരേ സ്ഥാനാർഥിയാവാൻ കുടുംബം അനുവദിക്കുന്നില്ലെന്ന് പറഞ്ഞു ബഷീർ പിന്മാറുകയും പകരം സിപിഐ അംഗം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനുമായ സെയ്ത് പുഴക്കരയെ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു.

