പൊന്നാനി : നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കത്തിനെതിരേ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധം. മുന്നറിയിപ്പുകളില്ലാതെ വൈദ്യുതി മുടങ്ങുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്നുണ്ട്.
നിരന്തരമായുള്ള വൈദ്യുതി മുടക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂ.ഡി.എഫ്. കൗന്‍സിലര്‍മാരുടെ നേതൃത്വത്തിൽ പൊന്നാനി, ഈഴുവത്തിരുത്തി കെ.എസ്.ഇ.ബി. സെഷൻ ഓഫീസുകളിലെ അസിസ്റ്റന്റ് എൻജിനീയർമാരെ ഉപരോധിച്ചു.
അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി വിച്ഛേദിക്കുമ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ സമയം ക്രമീകരിക്കണമെന്നും മുന്നറിയിപ്പുകൾ സമയബന്ധിതമായി നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
നഗരസഭാ പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, ആയിഷ അബ്ദു, മിനി ജയപ്രകാശ്, കെ.എം. ഇസ്മായീൽ, റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.