പൊന്നാനി : ജീവിതത്തിൽ തനിച്ചായിപ്പോയതോടെ അയൽവാസികളുടെ കാരുണ്യത്തിൽ കഴിയുന്ന നഗരസഭയിലെ അൻപതാം വാർഡ് സ്വദേശിനി നൂർജഹാന് വനിതാ കമ്മിഷന്റെ ഇടപെടലിൽ സർക്കാർ തണലൊരുക്കും. തീരദേശ ക്യാമ്പിന്റെ ഭാഗമായി നഗരസഭയിലെ തീരദേശമേഖലയിൽ വനിതാ കമ്മിഷൻ നടത്തിയ ഗൃഹസന്ദർശനത്തിലാണ് അയൽവാസികളുടെ കാരുണ്യത്തിൽ കഴിഞ്ഞുവന്നിരുന്ന നൂർജഹാനെ കണ്ടെത്തിയത്.

വർഷങ്ങൾക്കുമുൻപ് ഭർത്താവ് ഉപേക്ഷിച്ച നൂർജഹാൻ സഹോദരന്റ തണലിലാണ് കഴിഞ്ഞിരുന്നത്. സഹോദരന്റെ മരണത്തോടെ ഒറ്റപ്പെട്ട ഇവരുടെ ജീവിതം അയൽവാസികളുടെ കാരുണ്യത്തിലാണ് മുന്നോട്ടുപോകുന്നത്. ഭക്ഷണവും താമസവും അയൽവാസികളുടെ കനിവിലാണ്. നൂർജഹാന്റെ സംരക്ഷണവും സുരക്ഷയും മുൻനിർത്തി തവനൂരിലെ വൃദ്ധസദനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻകൈയെടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

നഗരസഭ, വനിതാ ശിശുവികസന ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വൃദ്ധസദനത്തിലേക്ക് മാറ്റുന്നതോടെ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവർക്ക് ലഭ്യമാക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. പൊന്നാനി നഗരസഭാ പരിധിയിൽ വൃദ്ധസദനവും പകൽവീടുകളും ആരംഭിക്കുന്നതിന് വനിതാ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും. തീരദേശത്ത് ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സങ്കീർണമായ ജീവിതസാഹചര്യമാണ് തീരദേശത്തെ സ്ത്രീകളുടേത്.

വിവാഹത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. ഇക്കാര്യത്തിൽ പൊന്നാനി നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും നല്ലരീതിയിലുള്ള ഇടപെടൽ നടത്തേണ്ടതായിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, പൊന്നാനി നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭാ കൗൺസിലർ കെ. ഷാഫി, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, വനിതാ സംരക്ഷണ ഓഫീസർ ടി.എം. ശ്രുതി തുടങ്ങിയവർ സന്ദർശകസംഘത്തിലുണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *