പൊന്നാനി: അഴിമുഖം യാത്രാ ബോട്ട് സർവീസ് ഇന്നു തുടങ്ങും. മാസങ്ങളായി നിർത്തിവച്ച ബോട്ട് സർവീസ് നഗരസഭയുടെ ഇടപെടലിൽ പുനരാരംഭിക്കുകയാണ്. ബോട്ട് സർവീസ് അനുമതിയുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് സർവീസ് നിർത്തി വച്ചിരുന്നത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന നടന്നത്.

തുടർന്ന് മാസങ്ങളോളം സർവീസ് നിലച്ചു. ഇതോടെ പൊന്നാനി പടിഞ്ഞാറേക്കര മേഖലയിലെ സ്ഥിരം യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനു പതിവുയാത്രക്കാർ കടുത്ത യാത്രാ ദുരിതത്തിലായി. ദിവസവും കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. യാത്രാ ചെലവും ഇരട്ടിയായി. ഇത്തവണ പടിഞ്ഞാറേക്കരയ്ക്കു പുറമേ പുറത്തൂരിലേക്കും പുതിയ സർവീസ് തുടങ്ങാൻ നീക്കമുണ്ട്. ഇരുചക്ര വാഹനങ്ങൾ ബോട്ടിൽ കയറ്റില്ല. യാത്രക്കാർക്ക് മാത്രമേ അനുമതിയുള്ളൂ.

മുൻപ് ജങ്കാർ സർവീസ് നടത്തിയിരുന്നപ്പോൾ ദൂരദിക്കിൽ നിന്നുള്ള വാഹനങ്ങൾ വരെ ജങ്കാർ സർവീസിനായി എത്തിയിരുന്നു. എറണാകുളം–കോഴിക്കോട് റൂട്ടിലെ പ്രധാന യാത്രാ മാർഗമായും ജങ്കാർ പ്രയോജനപ്പെടുത്തിയിരുന്നു. ജങ്കാർ സർവീസ് നിർത്തിവച്ചതോടെയാണ് പകരം ബോട്ട് സർവീസ് തുടങ്ങാൻ നഗരസഭ ടെൻഡർ ക്ഷണിച്ചത്. ഇന്നു നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ബോട്ട് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.

ടിക്കറ്റ് നിരക്ക്
യാത്രാ ടിക്കറ്റ് 20 രൂപയാണ്. ഭിന്നശേഷിക്കാർക്കും വയോധികർക്കും സൗജന്യമായി യാത്ര ചെയ്യാം. വിദ്യാർഥികൾക്ക് 5 രൂപയാണ് ടിക്കറ്റ് ചാർജ്. 3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10 രൂപ ടിക്കറ്റ് എടുക്കണം

Related Post

Leave a Reply

Your email address will not be published. Required fields are marked *