Breaking
Thu. Jun 11th, 2026

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പരീക്ഷയ്ക്കുള്ള പഠനം കഴിഞ്ഞ്, വിരസത മാറ്റാനാണ് സുഹൃത്തുക്കളായ 12 പേർ മലമ്പുഴയിലേക്കു യാത്ര പോയത്. കൊടുമ്പ് എരട്ടയാലിലെ സ്വകാര്യ ഫാർമസി കോളജിലെ അവസാനവർഷ വിദ്യാർഥികളായിരുന്നു ഷമീൽ ഉൾപ്പെടെ 8 പേർ. 4 പേർ ഇവരുടെ ജൂനിയർ വിദ്യാർഥികളും. ഞായറാഴ്ചകളിൽ 12 പേരും എവിടേക്കെങ്കിലും യാത്ര പോകുന്നതു പതിവായിരുന്നു. കൊടുമ്പിലെ ഹോസ്റ്റലിൽ നിന്നു 13 കിലോമീറ്റർ മാത്രം അകലെയുള്ള മലമ്പുഴയിൽ വൈകിട്ടു നാലോടെയാണു സംഘം എത്തിയത്. നീന്തൽ അറിയാമായിരുന്ന 8 പേർ ഡാമിൽ ഇറങ്ങി.

ഷമീൽ, നിയാസ്, മിർഷാദ്, റയാൻ എന്നിവർ കുറച്ചധികം ദൂരേക്കു നീന്തിപ്പോയി. പിന്നീടു തിരികെയെത്തി നോക്കിയപ്പോൾ ഷമീലിനെ കണ്ടില്ല. ഡാമിനോടു ചേർന്നുള്ള ദ്വീപിൽ കയറിയിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. തിരച്ചിൽ നടത്തിയിട്ടും കാണാതായതോടെ അപകടം തിരിച്ചറിഞ്ഞു. ഷമീലിനെ കാണാതായ സ്ഥലത്തു ചെളിയുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്റെ ജീവൻ മലമ്പുഴ ഡാമിന്റെ ആഴങ്ങളിൽ പൊലിഞ്ഞതു സുഹൃത്തുക്കൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.മലമ്പുഴ ∙ കൈവരികളില്ലാത്ത മലമ്പുഴ റിങ് റോഡിനെക്കുറിച്ചും മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ അപകടകരമായ ഇടങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ പോലും മനോരമ വാർത്ത നൽകിയിരുന്നു. വാർത്ത കണ്ടു ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥും എ.പ്രഭാകരൻ എംഎൽഎയും സുരക്ഷ ഒരുക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും നിർദേശം നൽകുകയും ചെയ്തു. പക്ഷേ, ഒന്നും നടന്നില്ല. ഡാമിന്റെ പ്രവേശന ഭാഗത്തു പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പൊലീസുകാർ ഉണ്ടാകാറില്ല. വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. സന്ദർശകർ ഡാമിൽ ഇറങ്ങുന്നുണ്ടോയെന്നു പരിശോധിക്കേണ്ട ജലസേചന വകുപ്പിന്റെ ഫ്ലയിങ് സ്ക്വാഡും നിർജീവമാണ്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഡ് റെയ്സ് (ഓഫ് റോഡ് വാഹനങ്ങളുടെ ഓട്ടമത്സരം) വരെ പലപ്പോഴായി നടന്നു. അപകടങ്ങളുമുണ്ടായി. പക്ഷേ, പൊലീസോ ജലസേചന വകുപ്പോ അറിഞ്ഞില്ല.

നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയുമുണ്ടായില്ല. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 8 അടി വരെ താഴ്ചയുള്ള കുഴികളുണ്ട്. മഴ പെയ്തതോടെ കുഴി നിറഞ്ഞു. ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. പലയിടത്തും ചെളിയുമുണ്ട്. ഡാമിന്റെ വശങ്ങളിലുള്ള പാറകൾക്കു മുകളിലും സന്ദർശകർ കയറി നിൽക്കാറുണ്ട്. മഴ പെയ്തതോടെ പാറകളിൽ വഴുക്കലുണ്ട്. ഇത് അപകടമാണെന്നു നാട്ടുകാർ പറഞ്ഞാലും പല സന്ദർശകരും കേൾക്കാറില്ല. സന്ദർശകരും നാട്ടുകാരും തമ്മിൽ ഇതിന്റെ പേരിൽ തർക്കങ്ങളുമുണ്ടായി. അകമലവാരം മലനിരകളിൽ മഴ കനത്തതോടെ പുഴകളും തോടുകളും കുത്തിയൊലിച്ച് ഒഴുകുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *