പൊന്നാനി: ഹാർബറിലെ മത്സ്യ സൂക്ഷിപ്പു മുറികൾ വാടകയ്ക്കെടുത്തവർ 4 വർഷമായി പണമടയ്ക്കുന്നില്ല. കൂട്ടത്തോടെ ജപ്തി നോട്ടിസ് പതിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പ്. 76 മുറികളിൽ മിക്കതും വാടക നൽകാതെ കുടിശികയാക്കിയിരിക്കുകയാണ്. 1.25 ലക്ഷം രൂപ വരെ കുടിശിക വരുത്തിയവരുണ്ട്. ഓരോ മാസവും ചുരുങ്ങിയ വാടക നിശ്ചയിച്ചിട്ടും അത് നൽകാൻ തയാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പ്. ഒരാഴ്ച മുൻപാണ് നോട്ടിസ് പതിച്ചു തുടങ്ങിയത്. 14 ദിവസത്തിനകം കുടിശിക തീർത്തില്ലെങ്കിൽ മുറികൾ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

മുറികൾ ഒഴിപ്പിച്ചു കഴിഞ്ഞാൽ പുതിയ അപേക്ഷകൾ സ്വീകരിക്കും. കൃത്യമായി വാടക അടയ്ക്കുന്നവർക്ക് മാത്രമേ മുറികൾ അനുവദിക്കാൻ‌ കഴിയുകയുള്ളൂ എന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് അറിയിക്കുന്നത്. അതേസമയം, മത്സ്യ സൂക്ഷിപ്പു കേന്ദ്രങ്ങളെന്നു പറഞ്ഞ് നൽകിയത് ഒരു സൗകര്യവുമില്ലാത്ത ചെറിയ മുറികളാണെന്നും നിലവിൽ നിശ്ചയിച്ച വാടക ഏറെ കൂടുതലാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യം സൂക്ഷിക്കാൻ ഒരു സൗകര്യവും അകത്തില്ല.

ജപ്തി നോട്ടിസിൽ വരെ പരാമർശിച്ചിരിക്കുന്നത് ‘ചിൽഡ് റൂം’ എന്നാണ്. മത്സ്യം സൂക്ഷിക്കാൻ സൗകര്യമില്ലാത്ത സ്ഥലം ചിൽഡ് റൂമെന്നു പറഞ്ഞ് നൽകിയതു  കബളിപ്പിക്കലാണെന്നാണ് ഇവരുടെ ആരോപണം. കോവിഡ് കാലത്ത് ഹാർബർ പൂട്ടിയിട്ട മാസങ്ങളിലെ വാടക വരെ ഉൾപ്പെടുത്തിയാണ് കുടിശികയുടെ നോട്ടിസ് നൽകിയിരിക്കുന്നതെന്നും ഇത് ഉപദ്രവിക്കുന്നതിനു തുല്യമാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *