Breaking
Tue. Sep 8th, 2026

അമൃത് ഭാരത് പദ്ധതി: ഉദ്ഘാടനത്തിന് ഒരുങ്ങി റെയിൽവേ സ്റ്റേഷനുകൾ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരൂർ : അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനുകൾ അടുത്തയാഴ്ച 12നോ 17നോ ഉദ്ഘാടനം ചെയ്യാൻ ആലോചന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിലെ തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ എന്നീ സ്റ്റേഷനുകളും ഫറോക്ക്, തലശ്ശേരി എന്നീ സ്റ്റേഷനുകളുമാണ് പാലക്കാട് ഡിവിഷനു കീഴിൽ നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളും ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പരിപാടികളുടെ സമയക്രമം അനുസരിച്ച് ഈ 2 ദിവസങ്ങളിലൊന്ന് ഉടൻ പ്രഖ്യാപിക്കുമെന്നാണു വിവരം. എന്നാൽ റെയിൽവേ സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ല. ഈ മാസം ഉദ്ഘാടനമുണ്ടാകും എന്നാണ് അറിയിച്ചിട്ടുള്ളത്. അവസാന മിനുക്കുപണികളിലാണ് സ്റ്റേഷനുകളെല്ലാം. തിരൂരിലായിരിക്കും പാലക്കാട് ഡിവിഷൻ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

തിരൂർ റെയിൽവേ സ്റ്റേഷനിൽ 26.55 കോടി രൂപയുടെ നവീകരണമാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്. മുൻപ് 18 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. സ്റ്റേഷനിൽ പുതിയ കവാടത്തിന്റെ പണി അവസാനഘട്ടത്തിലാണ്. ടിക്കറ്റ് കൗണ്ടർ 2 എടിവിഎമ്മുകൾ സ്ഥാപിച്ച് പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ കെട്ടിടത്തിലെ മ്യൂറൽ പെയ്ന്റ് മായ്ച്ചു. ഇവിടെ പുതിയ ചിത്രങ്ങൾ വരയ്ക്കും. പുതിയ കവാടത്തിലേക്കുള്ള നടപ്പാതയും നവീകരിക്കുന്നുണ്ട്. പ്രധാന കവാടം നേരത്തേ മോടി പിടിപ്പിച്ചിരുന്നു. 3 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളും പവർ പ്ലാന്റും ഇവിടെ തയാറാണ്. പ്ലാറ്റ്ഫോമുകൾ ഉയർത്തുകയും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ 14.21 കോടി രൂപയുടെ നവീകരണമാണ് നടത്തിയത്. ഇവിടെ നേരത്തെ 6.3 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇവിടെ കവാടം മോടികൂട്ടുകയും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. വിശാലമായ പാർക്കിങ് സൗകര്യവും തയാറാക്കി. നിലമ്പൂർ സ്റ്റേഷനിൽ 16.44 കോടി രൂപയുടെ നവീകരണമാണ് നടത്തിയത്. ഇവിടെ നേരത്തെ 8 കോടി രൂപയാണ് അനുവദിച്ചത്. ഇവിടെ രണ്ടാം കവാടത്തിൽ ബുക്കിങ് ഓഫിസ്, പ്ലാറ്റ്ഫോം മേൽക്കൂര, വൈദ്യുതീകരണ പ്രവൃത്തികൾ, സിഗ്നൽ സംവിധാനം തുടങ്ങിയ പ്രവൃത്തികൾ നടത്തി. കവാടം മോടികൂട്ടുകയും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *