Breaking
Wed. Aug 12th, 2026

നോർക്ക കെയർ പ്ലസ് ഇൻഷുറൻസിൽ ചേരാൻ ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെ പ്രവാസികൾക്ക് അവസരം

പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖാന്തിരം നടപ്പാക്കുന്ന ‘ നോർക്ക കെയർ പ്ലസ് ’ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ പ്രവാസികൾക്ക് ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെ അവസരം. പുതിയ എൻറോൾമെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന് മുഖ്യമന്ത്രി വി ഡി സതീശൻ ചേംബറിൽ വച്ച് നിർവഹിക്കും.

കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളാണ് നോർക്ക കെയറും നോർക്ക കെയർ പ്ലസും. രാജ്യത്താദ്യമായാണ് പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഒരു സംസ്ഥാന സർക്കാർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.
2026 മാർച്ച് മാസത്തിലാണ് നോർക്ക കെയർ പ്ലസ് ആരംഭിച്ചത്. ഏപ്രിൽ 12 വരെ നടന്ന എൻറോൾമെന്റിലൂടെ 32,000 പ്രവാസി കുടുംബങ്ങൾ അംഗങ്ങളായി. 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെയുള്ള 7 വിവിധ സ്ലാബുകളിൽ പദ്ധതി ലഭ്യമാണ്.

പോളിസികളിൽ ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം. നിലവിൽ നോർക്ക കെയറിൽ ഉള്ളവർക്കും നോർക്ക കെയർ പ്ലസിൽ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. 10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള പോളിസികളിൽ സമാന തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയായി ഐ.ഡി കാർഡ് ഉടമയ്ക്ക് ലഭിക്കും. നോർക്ക പ്രവാസി ഐ.ഡി, വിദേശത്തുള്ള വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാനാകുക.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയുമാണ് നോർക്ക കെയർ നൽകുന്നത്. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ സംഘടിപ്പിച്ച ആദ്യഘട്ട എൻറോൾമെന്റിൽ 136 രാജ്യങ്ങളിൽ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങൾ എൻറോൾ ചെയ്തു. ഇതുവഴി ഏകദേശം അഞ്ച് ലക്ഷത്തോളം കുടുംബാംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു.

പ്രൈമറി മെമ്പറായ നോർക്ക ഐ.ഡി കാർഡ് ഉടമയ്ക്ക് മാത്രമാണ് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ച്, കേരളത്തിലെ 618 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000-ത്തോളം ആശുപത്രികൾ വഴി പദ്ധതി പ്രകാരം ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു.
2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലൂടെ 31,660 ക്ലെയിമുകളിലായി 227 കോടി രൂപയിലധികം ധനസഹായം നൽകിയിട്ടുണ്ട്.

സർക്കാരിന്റെ നോർക്ക വകുപ്പിന് കീഴിലുള്ള ഫീൽഡ് ഏജൻസിയായി 2002ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. നോർക്കാ റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ്, സെക്ഷൻ ഓഫീസർ രമണി കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *