തിരൂർ: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന ശേഷം ഫോണിലുണ്ടായിരുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.താനൂർ പരിയാപുരം കോർമൻ കടപ്പുറം ആൽബസാർ മുസാന്റെപുരയ്ക്കൽ സാദിഖ് (32), കെ.പുരം പട്ടരുപറമ്പ് പാലേരി ഹാസിൽ (32) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 10ന് ആലത്തിയൂരിലെ ക്ലബിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ മൊബൈൽ ഫോൺ കവർന്നതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഫോണിലുണ്ടായിരുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.തിരൂർ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാദിഖ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

