പൊന്നാനി ∙ 22 പേർ മരിക്കാനിടയായ താനൂർ ബോട്ട് അപകടം കഴിഞ്ഞ് ഏഴ് മാസം തികയുമ്പോഴും ജില്ലയിൽ ഉല്ലാസ ബോട്ടുകളുടെ അപകടയാത്ര. പൊന്നാനി ഭാരതപ്പുഴയിൽ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയിരുന്ന ബോട്ട് മാരിടൈം ബോർഡ് പിടിച്ചെടുത്തു.

36 പേരെ കയറ്റാവുന്ന ബോട്ടിൽ 65 യാത്രക്കാരെ കുത്തി നിറച്ചാണ് സർവീസ് നടത്തിയിരുന്നത്. ലൈസൻസില്ലാത്ത ഡ്രൈവറാണ് ബോട്ട് ഓടിച്ചിരുന്നത്. ലാസ്‌കറുമുണ്ടായിരുന്നില്ല. പൊന്നാനി സ്വദേശി ഏഴുകുടിക്കൽ ഹംസയുടെ ഉടമസ്‌ഥതയിലുള്ള ‘ജലറാണി’ എന്ന ബോട്ടാണ് ഇന്നലെ വൈകിട്ട് ആറരയോടെ പിടിച്ചെടുത്തത്.

അപകടയാത്രയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് കോഴിക്കോട് പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാരിയർ അടിയന്തര പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. ഉടൻ തന്നെ പൊന്നാനി പോർട്ട് ഓഫിസ് ഉദ്യോഗസ്‌ഥർ പരിശോധനയ്ക്കെത്തി.

ഒപ്പം തീരദേശ പൊലീസും പരിശോധനയ്ക്ക് നേതൃത്വം നൽകി. 38 മുതിർന്നവരും 27 കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. സൂര്യാസ്‌തമയത്തിനു ശേഷം സർവീസ് നിർത്തി വയ്ക്കാനാണ് ബോട്ടുകാർക്കുള്ള നിർദേശമെങ്കിലും സമയം അതിക്രമിച്ചും പുഴയിൽ അമിത യാത്രക്കാരെ കുത്തിക്കയറ്റി സർവീസ് തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഒരാഴ്‌ച മുൻപ് പൊന്നാനിയിൽ സർവീസ് നടത്തിയിരുന്ന സുൽത്താൻ ബോട്ടിലും മിന്നൽ പരിശോധന നടന്നിരുന്നു. ലൈസൻസുള്ള ഡ്രൈവറില്ലാതെയാണ് ബോട്ട് ഓടിച്ചിരുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *