എരമംഗലം : പൊന്നാനി കോൾപ്പടവിലെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ അരോടി-പാലക്കത്താഴം കോൾപ്പടവിലെ കർഷകർ കൃഷിയിറക്കാൻ ഇനിയും എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല.
നൂറ് ഏക്കർ വരുന്ന അരോടി-പാലക്കത്താഴം കോൾപ്പടവിലെ നൂറോളം വരുന്ന കർഷകരാണ് കൃഷിയിറക്കാനാവാതെ ദുരിതത്തിൽ കഴിയുന്നത്.
സുരക്ഷിതമായ ബണ്ടില്ലാത്തതാണ് കൃഷിയിറക്കാൻ കർഷകരെ പിന്നോട്ടുവലിക്കുന്നത്.
കാൽനൂറ്റാണ്ടുകാലം തരിശിട്ടിരുന്ന അരോടി-പാലക്കത്താഴം കോൾപ്പടവിൽ 2016-ലാണ് ആദ്യമായി കൃഷിയിറക്കിയത്.
പിന്നീട് 2017, 2018 വർഷങ്ങളിലും കൃഷിയിറക്കിയെങ്കിലും ബണ്ട് പൊട്ടിയും മറ്റുമായി കൃഷി നഷ്ടത്തിലായതോടെ വീണ്ടും തരിശിടുകയായിരുന്നു. പൊന്നാനി-തൃശ്ശൂർ സമഗ്ര കോൾ വികസന പദ്ധതിയുടെ ഭാഗമായി അരോടി-പാലക്കത്താഴം കോൾപ്പടവിൽ ബണ്ട് നിർമാണം തുടങ്ങിയെങ്കിലും പൂതച്ചേറുമൂലം ബണ്ട് തകർന്നതോടെ നിർമാണം നിർത്തിവെയ്ക്കുകയായിരുന്നു.
കർഷകർ പലവട്ടം ആവശ്യപ്പെട്ടിട്ടും പിന്നീട് ഇതുവരെയും ബണ്ട് നിർമാണം പുനരാരംഭിച്ചിട്ടില്ല.
നിലവിൽ ഒരാൾ ഉയരത്തിൽ പുല്ല് നിറഞ്ഞുകിടക്കുകയാണ് കോൾപ്പടവ്.
സുരക്ഷിതമായ ബണ്ട് സർക്കാർ നിർമിച്ചുനൽകിയാൽ കൃഷിയിറക്കാൻ തയ്യാറാണെന്ന് കർഷകൻ മുഹമ്മദാലി പറഞ്ഞു.