കുറ്റിപ്പുറം: പാലക്കാട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന ആദ്യത്തെ റഗുലേറ്റർ കം ബ്രിജിൽ ഷട്ടറുകൾ സ്ഥാപിച്ചുതുടങ്ങി. ഇരു ജില്ലകൾക്കും ശുദ്ധജല വിതരണത്തിനും ഗതാഗതത്തിനും സൗകര്യമൊരുക്കുന്ന പദ്ധതിയുടെ നിർമാണം ഡിസംബറിൽ പൂർത്തിയാകും. 102 കോടി രൂപ ചെലവിലാണ് കുറ്റിപ്പുറം കാങ്കക്കടവിൽനിന്ന് പാലക്കാട് കുമ്പിടിക്കടവിലേക്ക് റഗുലേറ്റർ കം ബ്രിജ് നിർമിക്കുന്നത്. 2022 ഡിസംബർ 24ന് നിർമാണം ആരംഭിച്ച പദ്ധതിയുടെ 56 ശതമാനം ജോലികൾ പൂർത്തിയായി. കുമ്പിടി ഭാഗത്താണ് ഷട്ടറുകൾ സ്ഥാപിച്ചു തുടങ്ങിയത്.
ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റഗുലേറ്ററിൽ 28 ഷട്ടറുകൾ സ്ഥാപിച്ചാണ് ഇരു ജില്ലകൾക്കും ആവശ്യമായ ജലം സംഭരിക്കുക. ഷട്ടറുകൾ താഴ്ത്തിയാൽ ഭാരതപ്പുഴയിൽ രണ്ടേമുക്കാൽ മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാൻ കഴിയും. ജലസംഭരണത്തിനായി റിസർവോയറിന്റെ ഇരുവശത്തുമായി 130 മീറ്റർ നീളത്തിലാണ് പുഴയോര ഭിത്തി കെട്ടുന്നത്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ആതവനാട്, തിരുനാവായ, മാറാക്കര പഞ്ചായത്തുകളിലേക്കും കോട്ടയ്ക്കൽ നഗരസഭയിലേക്കുമുള്ള ശുദ്ധജലം ഇവിടെനിന്ന് എത്തിക്കാനാണ് പദ്ധതി. ഇതിനായി 12 മീറ്റർ വ്യാസത്തിലുള്ള ശുദ്ധജല കിണർ റഗുലേറ്റർ പ്രദേശത്ത് സ്ഥാപിക്കും. പുഴയിലെ സംഭരണി ഉപയോഗിച്ച് 221 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതിയാണ് കോട്ടയ്ക്കൽ മണ്ഡലത്തിൽ നടപ്പാക്കുന്നത്. ഇതിനുപുറമേ പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കാൻ പദ്ധതിക്ക് കഴിയും. ഇരുജില്ലകളിലെ കാർഷിക ജലസേചനവും പദ്ധതി ലക്ഷ്യംവയ്ക്കുന്നുണ്ട്.