കുറ്റിപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ അഞ്ചാം വർഷവും ചാമ്പ്യൻ സ്കൂൾ പട്ടം നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളെയും പരിശീലകരെയും നാടും ക്യാമ്പസും ആദരിച്ചു.
കുറ്റിപ്പുറം ടൗണിൽനിന്ന് തുറന്ന വാഹനങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ താരങ്ങളെ ആനയിച്ചു. ഘോഷയാത്ര ഐഡിയൽ ക്യാമ്പസിൽ സമാപിച്ചു.
ക്യാമ്പസിൽ സംഘടിപ്പിച്ച ‘താരാരവം’ ആദരിക്കൽ ചടങ്ങ് വി.എസ്. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന മീറ്റിൽ മെഡൽ നേടി ചരിത്രം കുറിച്ച താരങ്ങൾക്കും കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ.പി. അഖിൽ, ഹാരിസ് റഹ്മാൻ, ഇ. തസ്നി എന്നിവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.
ഇരിമ്പിളിയം ക്യാമ്പസ് ചെയർമാൻ തുടിമ്മൽ സുലൈമാൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് അംഗം മെഹറുന്നീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിമൽ, വാർഡ് അംഗം എം.കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

