പൊന്നാനി നഗരസഭയുടെ ‘ഫുഡ് മോർണിങ്’ പദ്ധതി തുടങ്ങി; സർക്കാർ സ്കൂൾ കുട്ടികൾക്ക് ഇനി പ്രഭാതഭക്ഷണം.

പൊന്നാനി: സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കുന്നതിനായി പൊന്നാനി നഗരസഭ നടപ്പാക്കുന്ന ‘ഫുഡ് മോർണിങ്’ പദ്ധതിക്ക് തുടക്കമായി. 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ ജി.എഫ്.എൽ.പി.എസ് പുതുപൊന്നാനി, ജി.എൽ.പി.എസ് പൊന്നാനി ടൗൺ, ജി.എഫ്.എൽ.പി.എസ് പൊന്നാനി എന്നീ മൂന്ന് സ്കൂളുകളിലാണ് പദ്ധതി ആരംഭിച്ചത്.

പുതുപൊന്നാനി ജി.എഫ്.എൽ.പി സ്കൂളിൽ നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനദിനത്തിൽ കുട്ടികൾക്ക് ചിക്കൻ കറിയും പത്തിരിയും വിളമ്പി.

വിശപ്പിന്റെ പ്രയാസങ്ങൾ പഠനത്തിന് തടസ്സമാകാതിരിക്കാനും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ കുട്ടികൾക്ക് ഉന്മേഷത്തോടെ പഠനത്തിൽ ഏർപ്പെടാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *