തിരൂർ: അടിയന്തര ഘട്ടത്തിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഉമ്മ മരിച്ചെന്നാരോപിച്ച് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.
വാക്കാട് അനീഷ്യക്ക് സമീപം താമസിക്കുന്ന കളരിക്കൽ സാറാമ്മയുടെ മക്കളായ കദീജയും ആഷിക്കുമാണ് പരാതിയുമായി രംഗത്തെത്തിയത്. അപസ്മാര രോഗിയായ സാറാമ്മ തളർന്നുവീണപ്പോൾ അടിയന്തര ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചെങ്കിലും എത്തിയില്ലെന്നും രോഗിയെ ക്ലിനിക്കിലേക്ക് കൊണ്ടുവരാൻ നിർദേശിച്ചെന്നുമാണ് മക്കളുടെ ആരോപണം. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് ഉമ്മയുടെ മരണത്തിന് കാരണമായതെന്നും ഇവർ പറയുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി കദീജയും ആഷിക്കും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹോദരൻ താജുദ്ദീൻ, ബന്ധു ഷഫീഖ് പട്ടത്ത് എന്നിവരും പങ്കെടുത്തു.

