പുറത്തൂർ: നീണ്ട ഇടവേളയ്ക്കുശേഷം തിരൂർ–പൊന്നാനി പുഴയിലൂടെ ബോട്ട് സർവീസ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായി. തിരൂർ മുതൽ പടിഞ്ഞാറേക്കര അഴിമുഖം വരെയാണ് സർവീസ് നടത്താൻ പദ്ധതി തയ്യാറാക്കുന്നത്.
ബോട്ട് ജെട്ടി നിർമാണത്തിനായി പടിഞ്ഞാറേക്കര ബീച്ചിൽ സ്ഥലം സർവേ നടത്തി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ജെട്ടി നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക, ആവശ്യമായ സ്ഥലത്തിന്റെ അതിർത്തികൾ നിർണയിക്കുക തുടങ്ങിയ കാര്യങ്ങളാണ് സർവേയിൽ പരിശോധിച്ചത്.
ബോട്ട് സർവീസ് യാഥാർഥ്യമായാൽ അഴിമുഖത്തേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്കും കൂടുതൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പ്രഭാകരൻ, എഫ്.ജി.എസ്. അനിരുദ്ധൻ, എഫ്.ജി.എ. ടി. ഷിബി, പി.വി. സൗമ്യ, എസ്.ജെ.എസ്. രഞ്ജുഷ, ബീച്ച് മാനേജർ സലാം താണിക്കാട് എന്നിവർ പങ്കെടുത്തു.

