ചങ്ങരംകുളം: യുവാവിനെ ആക്രമിച്ച് കാറും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി കൂനത്തിൽ മിജ്‌വാദ് (24) ആണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയായ ചങ്ങരംകുളം പള്ളിക്കര സ്വദേശി ഷെഹീനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന മിജ്‌വാദിനെ വയനാട് അരപ്പറ്റയിൽനിന്ന് വയനാട് പൊലീസിന്റെ സഹായത്തോടെ ചങ്ങരംകുളം എസ്.ഐ. ജിതിൻ വാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
ചങ്ങരംകുളം സ്വദേശിയായ യുവാവിനെ ചങ്ങരംകുളം–തൃശ്ശൂർ റോഡിലെ സ്വകാര്യ കെട്ടിടത്തിൽവെച്ചാണ് സംഘം ആക്രമിച്ച് കാറും മൊബൈൽ ഫോണും കവർന്നതെന്നാണ് കേസ്. ലഹരിയിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലും കവർച്ചയിലും കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
കേസിലെ പ്രധാന പ്രതിയായ ആലങ്കോട് സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

