പൊന്നാനി : നഗരസഭാ ബസ്‌സ്റ്റാൻഡ് നവീകരണം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. ആധുനീക രീതിയിൽ നവീകരിക്കുന്ന ബസ്‌സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തീരദേശമേഖലയുടെ പൊതു വികസനം കണക്കിലെടുത്ത് കൂടുതൽ ബസ്സുകൾ ഓടിക്കുന്നതിന് വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും എം.എൽ.എ. പറഞ്ഞു. ശിലാഫലകം എം.എൽ.എ. അനാഛാദനം ചെയ്തു.

എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് നവീകരണം. നിലവിലെ സ്റ്റാൻഡിനോടുചേർന്ന് ഇരുനിലക്കെട്ടിടം നിർമിക്കും. കൂടുതൽ സൗകര്യങ്ങളുള്ള കംഫർട്ട് സ്റ്റേഷൻ, കാത്തിരിപ്പുകേന്ദ്രം, ലഘുഭക്ഷണശാല, ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയം എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.

ബസുകൾക്ക് പാർക്ക്‌ചെയ്യാൻ പ്രത്യേക ട്രാക്കുകളും ഒരേസമയം ഒൻപതു ബസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യവും പുതിയ സ്റ്റാൻഡിലുണ്ടാകും. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. മുനിസിപ്പൽ എൻജിനീയർ രഘു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, ഷീന സുദേശൻ, രജീഷ് ഊപ്പല, അജീന ജബ്ബാർ, ടി. മുഹമ്മദ് ബഷീർ, ഒ.ഒ. ഷംസു, നഗരസഭാ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *