പൊന്നാനി: പ്രായം അവർക്കൊരു പ്രശ്‌നമേ ആയില്ല. ആടാനും പാടാനും കളിക്കാനുമെല്ലാം അവർ ഉത്സഹാത്തോടെ മുന്നോട്ടുവന്നു. വയസ്സ് എൺപത് പിന്നിട്ടവരുമുണ്ടായിരുന്നു കൂട്ടത്തിൽ. വിദ്യാലയമുറ്റത്ത് വീണ്ടുമൊന്ന് ഒത്തുകൂടാൻ കിട്ടിയ അവസരം ശരിക്കും മുതലാക്കി മുത്തശ്ശൻമാരും മുത്തശ്ശിമാരും. കടവനാട് ഗവ: ഫിഷറീസ് യു.പി. സ്‌കൂളിൽ നടന്ന മുത്തച്ഛൻ-മുത്തശ്ശി സംഗമമാണ് വയോധികരെ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോയത്.
വിദ്യാർഥികളുടെ അച്ഛനും അമ്മയുമൊക്കെയാണ് പതിവായി സ്‌കൂളിലെത്താറുള്ളത്. വീട്ടിലെ പ്രായമായവരെക്കൂടി സ്‌കൂളിലെത്തിക്കാൻ അധികൃതർ സംഘടിപ്പിച്ച പരിപാടിയാണ് മുത്തച്ഛൻമാരുടെയും മുത്തശ്ശിമാരുടെയും മനംനിറച്ചത്.
കൊച്ചുമക്കളുടെ സ്‌കൂളിലേക്കു പോകാൻ കിട്ടിയ അവസരം പലരും വിനിയോഗിച്ചു. എൺപതോളം പേരാണ് പരിപാടിക്കെത്തിയത്. ബൊെക്ക നൽകിയാണ് കുട്ടികൾ അവരെ സ്വീകരിച്ചത്. പലരും ഇതേ സ്‌കൂളിൽനിന്ന് പഠിച്ചിറങ്ങിയവരായിരുന്നു.
വർഷങ്ങൾക്കുശേഷം വീണ്ടും വിദ്യാലയമുറ്റത്തെത്തിയപ്പോൾ പ്രായംമറന്ന് അവർ കുട്ടികളായി. പാട്ടുപാടിയും ആടിയും അവർ സംഗമം കെങ്കേമമാക്കി. വിവിധ കളികളും ഇവർക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകിയാണ് മുത്തച്ഛൻമാരെയും മുത്തശ്ശിമാരെയും സ്‌കൂളിൽനിന്നു യാത്രയാക്കിയത്.
‘ഹൃദ്യം-2024’ എന്നപേരിൽ സംഘടിപ്പിച്ച സംഗമം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം.പി. ഖാലിദ് അധ്യക്ഷതവഹിച്ചു. എ.ഇ.ഒ. ടി.എസ്. ഷോജ, വാർഡംഗം അശോകൻ വെള്ളാനി, പ്രഥമാധ്യാപകൻ ബാബുരാജൻ, ഫൈസൽ, സമദ്, പ്രിൻസി, ശ്രീജ, അനശ്വര, രമ എന്നിവർ പ്രസംഗിച്ചു.