പൊന്നാനി : പൊന്നാനി ഐ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് സംസ്ഥാന കലോത്സവത്തിലും തെയ്‌ക്വാൻഡോയിലും ജേതാക്കളായവർക്ക് സ്വീകരണംനൽകി.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇരുപത്തിയഞ്ചാമത് സംസ്ഥാന അമെച്ചർ തെയ്‌ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ആറാംക്ലാസിലെ വി.വി. മുഹമ്മദ് ഷിബിൽ, വെള്ളിമെഡൽ കരസ്ഥമാക്കിയ അഞ്ചാംക്ലാസ് വിദ്യാർഥി റെബിൻ മുഹമ്മദ്, വെങ്കലമെഡൽ കരസ്ഥമാക്കിയ ആറാംക്ലാസ് വിദ്യാർഥിനി എ.കെ. നിലൂഫർ, കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി പ്രസംഗത്തിൽ തുടർച്ചയായി രണ്ടാംതവണയും എ ഗ്രേഡ് കരസ്ഥമാക്കിയ സ്‌കൂൾലീഡർ കൂടിയായ പത്താംക്ലാസ് വിദ്യാർഥിനി റിദ ജർജീസ് എന്നിവർക്കും തെയ്‌ക്വാൻഡോ പരിശീലകൻ പി.പി. ഫൈസൽ, ഹിന്ദി പ്രസംഗത്തിന് പരിശീലനം നൽകിയ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപിക എം.വി. സീനത്ത്, സംസ്ഥാന അമെച്ചർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിദ്യാർഥികൾ എന്നിവർക്കുമാണ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണംനൽകിയത്.
ഐ.എസ്.എസ്. പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, അക്കാദമിക് കോ-ഓർഡിനേറ്റർ പി.വി. അബ്ദുൽഖാദർ, എം.പി.ടി.എ. പ്രസിഡന്റ് റോഷ്നി പാലക്കൽ, പ്രഥമാധ്യാപിക പി. ഗീത, കെ.എച്ച്. ഫൈസൽ, കെ.ബി. ഉബൈദ, റാബിയ സൈനുദ്ദീൻ, റഷീന, സി.വി. ജമീല, സെബീൽ ഹൈദ്രോസ് തുടങ്ങിയവർ സംസാരിച്ചു.