എരമംഗലം: പൊന്നാനി കോളിലെ ആയിരത്തോളം ഏക്കർ പാടശേഖരത്ത് ഇലകരിച്ചിൽ രോഗം. കോൾ മേഖലയിലെ നടീൽ പൂർത്തിയാക്കിയ പാടശേഖരങ്ങളിലാണ് ഇലകരിച്ചിൽ വ്യാപകമായി കണ്ടു വരുന്നത്. കോൾമേഖലയിൽ മഞ്ഞും ചൂടും കനത്തതോടെയാണ് ഇലകരിച്ചിനിലുള്ള വൈറസ് പടർന്നു കൊണ്ടിരിക്കുന്നത്. പതിനായിരങ്ങൾ മുടക്കി കൃഷിയിറക്കിയ കർഷകർ രോഗം പടർന്നു പിടിച്ചതോടെ ആശങ്കയിലാണ്. നടീൽ പൂർത്തിയാക്കി 10 ദിവസത്തിനുള്ളിൽ നെൽച്ചെടികളുടെ ഇലകൾ ഉണങ്ങി വരുന്നതാണ് രോഗ ലക്ഷണം. രോഗം വ്യാപകമായതോടെ നടീൽ നടത്തിയ പാടങ്ങളിൽ നെൽച്ചെടികളുടെ കുറ്റികൾ മാത്രമായി.

പെരുമ്പടപ്പ്, എടപ്പാൾ, പോർക്കുളം പുന്നയൂർക്കുളം പഞ്ചായത്തുകളിലായി ആയിരത്തിന് മുകളിൽ  പാടശേഖരത്ത് ഇലകരിച്ചിലുണ്ടായന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. കാലാവസ്ഥ മോശമായി തുടർന്നാൽ അടുത്തിടെ നടീൽ നടത്തിയ പാടശേഖരങ്ങളിലേക്കും രോഗം വ്യാപിക്കുമെന്നാണ് കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ച സ്ഥലങ്ങളിൽ നടീൽ നടത്തിയവ ഒഴിവാക്കി പുതിയ ‍‍ഞാറുകൾ നടേണ്ടിവരും. പ്രതികൂല കാലവസ്ഥയ്ക്കു പുറമേ കോൾ മേഖലയിലെ ജലത്തിലൂടെയും വൈറസ് വേഗത്തിൽ പടർന്നു പിടിക്കാൻ കാരണമായെന്നാണ് അധികൃതരുടെ വിശദീകരണം. രോഗ ലക്ഷണം കണ്ടു തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷി വകുപ്പ് നിർദേശിക്കുന്ന രീതിയിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും ഉപയോഗിക്കണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *