പൊന്നാനി: വരുമാനത്തിൽ ജില്ലയിലെ നമ്പർ വൺ കെ.എസ്.ആർടി സി ഡിപ്പോ ആയിട്ടും ബസുകൾ അനുവദിക്കുന്നതിൽ പൊന്നാനി കെ.എസ് ആർ.ടി.സി ഡിപ്പോയോട് കടുത്ത അവഗണന. ദിനം പ്രതി അഞ്ചു ലക്ഷത്തിന് മുകളിലാണ് ഇവിടെ വരുമാനം. അടിസ്ഥാന സൗകര്യങ്ങളും സ്ഥലസൗകര്യം ഉള്ളതിനാൽ എത്ര വണ്ടികൾ വേണമെങ്കിലും നിർത്തിയിടാം. എന്നിട്ടും ആവശ്യമായ ബസുകൾ അനുവദിക്കാനോ ജീവനക്കാരെ നിയമിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
പൊന്നാനി ഡിപ്പോയിൽ നിന്ന് ദിവസേന 34 ഷെഡ്യൂകളാണുള്ളത്. ബസുകൾ ഇല്ലാത്തതിനാൽ മുപ്പതിൽ താഴെ ഷെഡ്യൂളുകൾ നടത്താനെ കഴിയാറുള്ളൂ. മൈസൂർ, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് സർവീസുകളുണ്ട്. തിരുവനന്തപുരത്തേക്ക് മാത്രം അഞ്ചു സർവീസുകളാണുള്ളത്. സ്വിഫ്റ്റ് ബസുകൾ ആകട്ടെ മൂന്നെണ്ണമാണുള്ളത്. വണ്ടികൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ദിവസവും ഷെഡ്യൂളുകൾ വെട്ടിക്കുറക്കും. 41 ബസുകളാണ് ഇവിടെയുള്ളത്. ശബരിമല സീസൺ ആയതിനാൽ നാലു വണ്ടികൾ മറ്റു ഡിപ്പോകൾ ഏറ്റെടുത്തു. പകരം ബസുകൾ കിട്ടിയതുമില്ല.
സർവീസ് നടത്തുന്ന ബസുകളാകട്ടെ ഏറെ കാലപ്പഴക്കമുള്ളതുമാണ്.പുതിയ മന്ത്രി വന്ന സാഹചര്യത്തിൽ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ബസുകൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. പഴയ ബസുകൾ മാത്രമാണ് ഇവിടേക്ക് ലഭിക്കുന്നത്. ജീവനക്കാരുടെ കുറവും വലിയൊരു പ്രശ്നമാണ്. 65 കണ്ടക്ടർമാരും 60 ഡ്രൈവർമാരുമാണ് ഇപ്പോഴുള്ളത്. 73 കണ്ടക്ടറും ഡ്രൈവർമാരും വേണ്ടിടത്താണ് ഇത്. ഉള്ള ജീവനക്കാർ തന്നെ അധിക ഡ്യൂട്ടി എടുത്താണ് സർവീസ് നടത്തുന്നത്.
ഡിപ്പോയോട് ചേർന്നുള്ള വർക്ക് ഷാപ്പിലും ആവശ്യത്തിന് ജീവനക്കാരില്ല. ആറു പേരാണ് ഇവിടെയുള്ളത്. 10 പേർ വേണ്ടിടത്താണിത്. പി ശ്രീരാമകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോൾ 2012-13 കാലഘട്ടത്തിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിലാണ് ഡിപ്പോ പ്രവർത്തിക്കുന്നത്. പഴയ ഡിപ്പോ കെട്ടിടം നന്നാക്കിയെടുത്താൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യവും ലഭ്യമാക്കാം. ഏക്കർകണക്കിന് സ്ഥലത്താണ് ഡിപ്പോ പ്രവർത്തിക്കുന്നത്. എന്നിട്ടും ചുറ്റുമതിൽ ഇവിടെ നിർമിച്ചിട്ടില്ല. ഏറെ ലാഭം തരുന്ന ഈ ഡിപ്പോക്ക് കൂടുതൽ ബസുകൾ അനുവദിച്ചാൽ നിലവിലുള്ളതിന്റെ ഇരട്ടിലാഭം നേടാനാകും.