കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാള്‍ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1,799 കോടി രൂപ ചെലവിലാണ് ന്യൂ ഡ്രൈ ഡോക്ക് നിർമ്മിച്ചിരിക്കുന്നത്. 310 മീറ്റർ നീളമുള്ള ഈ സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്കിന് 13 മീറ്റര്‍ ആഴവും 75/60 മീറ്റര്‍ വീതിയുമുണ്ട്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് സവിശേഷതകള്‍. 70000 ടണ്‍ വരെ ഭാരമുള്ള വിമാനവാഹിനികള്‍, കേപ്‌സൈസ് ആന്റ് സൂയസ്മാക്‌സ് ഉള്‍പ്പെടെയുള്ള കൂറ്റന്‍ ചരക്കു കപ്പലുകള്‍, ജാക്ക് അപ്പ് റിഗ്‌സ്, എന്‍എന്‍ജി കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ രാജ്യാന്തര കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആര്‍എഫ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയെ ഒരു ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. 6000 ടണ്‍ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാന്‍സ്ഫര്‍ സിസ്റ്റം, ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉള്‍ക്കൊള്ളുന്ന 1400 മീറ്റര്‍ ബെര്‍ത്ത് തുടങ്ങിയവ ഐഎസ്ആര്‍എഫിന്റെ മാത്രം സവിശേഷതകളാണ്. കൊച്ചി കപ്പല്‍ശാലയുടെ നിലവിലെ ഷിപ്പ് റിപ്പയര്‍ സംവിധാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിലും കൊച്ചിയെ ഒരു ആഗോള ഷിപ്പ് റിപ്പയര്‍ ഹബ് ആക്കി മാറ്റുന്നതിലും ഐഎസ്ആര്‍എഫ് നിര്‍ണായക പങ്കുവഹിക്കും. ഇന്ത്യയില്‍ ഷിപ്പ് റിപ്പയര്‍ ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണിത്. ഐഎസ്ആർഎഫ് 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നൽകും.