പൊന്നാനി: സമൂഹ മാധ്യമങ്ങൾ തിരഞ്ഞ ആ സുന്ദര തീരം ‘മ്മളെ പൊന്നാനി തന്നെ’. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിനാളുകളാണ് മനോഹരമായ പൊന്നാനി തീരത്തിന്റെ സൗന്ദര്യം ആസ്വദിച്ചത്. പുറങ്ങ് സ്വദേശി പാറാട്ടുവളപ്പിൽ ഇജാസാണ് വിഡിയോ പകർത്തിയത്. ഭാരതപ്പുഴയിലെ മണൽ തിട്ടയിൽ ഫുട്ബോൾ കളിക്കുന്ന ചെറുപ്പക്കാർ, പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ട് മോടി കൂട്ടാൻ ഭാരതപ്പുഴയുടെ ഹൃദയം കവരുന്ന സൗന്ദര്യം. എല്ലാം ഒപ്പിയെടുത്ത് ഇജാസ് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ ഏറ്റെടുത്തു. പൊന്നാനിക്കാർക്ക് പോലും ഈ ദൃശ്യങ്ങൾ കൗതുകമുണ്ടാക്കി.. ‘ഇമ്മളെ പൊന്നാനിയാണോ ഇതെന്ന്’– നാട്ടുകാർ തന്നെ പരസ്പരം ചോദിച്ചു.