അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന പൂക്കളെ കാണാനെത്തുന്നവരുടെ തിരക്കാണ് മലമ്പുഴ ഉദ്യാനത്തില്‍. 23-ന് തുടങ്ങുന്ന പുഷ്പമേളയ്ക്ക് മുമ്പേതന്നെ സന്ദര്‍ശകരുടെ തിരക്കുണ്ട്. സസ്യങ്ങളെ ഓമനിക്കുന്ന കുട്ടിക്കൈകളും പൂക്കളുടെ ഭംഗി ഫോണില്‍ പകര്‍ത്തുന്നവരും സെല്‍ഫിയെടുക്കുന്നവരുമൊക്കെ കൗതുകക്കാഴ്ചയാണ്.
മഞ്ഞ, വെള്ള, ഓറഞ്ച്, സ്വര്‍ണ നിറങ്ങളിലുള്ള ആഫിക്കന്‍ ഫ്രഞ്ച് ചെണ്ടുമല്ലികള്‍, പൂക്കളിലെ നിറങ്ങളുടെ വൈവിധ്യം തീര്‍ത്ത് പെറ്റൂണിയ, ചുവപ്പും വൈലറ്റും സ്വര്‍ണനിറത്തിലുമുള്ള സാല്‍വിയ, നക്ഷത്രംപോലെ തിളങ്ങുന്ന ആസ്റ്റര്‍, ഇല കാണാനാകാത്തവിധം പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന വിങ്ക, സെലോസിയ, സൂര്യകാന്തിപ്പൂക്കള്‍, കടലാസുപൂക്കള്‍, വിവിധയിനം റോസ് തുടങ്ങി 35 ഇനങ്ങളിലേറെ സ്വദേശിയും വിദേശിയുമായ പൂക്കളാണ് ഉദ്യാനത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും മലമ്പുഴ ജലസേചനവകുപ്പും ചേര്‍ന്നാണ് പുഷ്പമേള ഒരുക്കുന്നത്. ഇരുന്നൂറോളം വരുന്ന തൊഴിലാളികളാണ് പൂക്കളെ പരിചരിക്കുന്നത്. പുഷ്പമേളയ്‌ക്കൊപ്പം ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികളുമുണ്ടാകും. ആസ്വാദകര്‍ക്ക് പാട്ടുപാടാന്‍ അവസരമൊരുക്കുന്ന പാട്ടുപുരയുമൊരുക്കും. രാവിലെ എട്ടുമുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേള 28-ന് സമാപിക്കും.