എടപ്പാൾ : പൊന്നാനി കോൾമേഖലയിൽ ഇലകരിച്ചിൽ ബാധിച്ച പ്രദേശങ്ങളിൽ കൃഷി ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമ്‌ളത, ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിൽ, തണ്ടുതുരപ്പൻ എന്നിവയാണ് രോഗത്തിന് പ്രധാന കാരണമെന്നാണ് സംഘം വിലയിരുത്തിയത്.
ഇതിനുള്ള പരിഹാരമാർഗങ്ങൾ കർഷകർക്ക് വിശദീകരിച്ചു നൽകിയാണ് സംഘം മടങ്ങിയത്. പൊന്നാനി കോളിലെ എടപ്പാൾ, മാറഞ്ചേരി, നന്നംമുക്ക് പഞ്ചായത്തുകളിലെ വിവിധ കോൾ പാടങ്ങളിലാണ് ഉദ്യോഗസ്ഥരെത്തിയത്.
തവനൂർ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. ഡോ. നാജിത ഉമ്മർ, പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.വി. വിനയൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ, അരവിന്ദാക്ഷൻ, പാടശേഖര പ്രതിനിധികൾ എന്നിവരാണ് കൃഷിയിടത്തിലെത്തിയത്. പൊന്നാനി കോളിലെ 20 ദിവസത്തോളം മൂപ്പെത്തിയ ഞാറിലാണ് രോഗം ബാധിച്ചത്.
1000-ത്തോളം ഏക്കർ നെല്ലിന് രോഗബാധയേറ്റതോടെ കർഷകരാകെ ആശങ്കയിലായിരുന്നു.